മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്

06/06/25

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും.

നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ സംസ്ഥാനം പുതുക്കിയിരുന്നു.

രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ നിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu