പാരിസ് മാറാരോഗം ബാധിച്ച മുതിർന്നവർക്കു നിയമവിധേയ സ്വയമരണം അനുവദിക്കുന്ന ബില്ലിനു ഫ്രാൻസിയൻ പാർലമെന്റായ നാഷനൽ അസംബ്ലി അംഗീകാരം നൽകി. തുടർചർച്ചയ്ക്കായി ഉപരിസഭയായ സെനറ്റിന് അയയ്ക്കും. സെനറ്റിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണു നാഷനൽ അസംബ്ലി അന്തിമതീരുമാനമെടുക്കുക. പക്ഷേ, ഇതിനു മാസങ്ങളെടുക്കും
ദീർഘകാലമായി ചർച്ചയിലുള്ള ബില്ലിനു പാർലമെൻറിൽ 305 വോട്ട് ലഭിച്ചു. 199 പേർ എതിർത്തു. വിഷം സ്വയം കുത്തിവച്ചു മരിക്കാൻ 18നു മുകളിലുള്ള മാറാരോഗികളെ അനുവദിക്കുന്നതാണു നിർദിഷ്ട ബിൽ കർശനവ്യവസ്‌ഥകളാണു ബില്ലിലുള്ളത്. ഭേദമാവാത്തതും കഠിനവേദനയനുഭവിക്കുന്നതും മരണത്തിൻ്റെ വക്കിലായതുമായ രോഗാവസ്ഥയാണെന്നു വിദഗ്‌ധ മെഡിക്കൽ സംഘം സാക്ഷ്യപ്പെടുത്തണം. മാനസികാരോഗ്യപ്രശ്നങ്ങളോ മറവിരോഗങ്ങളോ ബാധിച്ചവരെ അനുവദിക്കില്ല. ഡോക്ടർ നിർദേശിക്കുന്ന കുത്തിവയ്‌പ് ആശുപത്രിയിലോ വീട്ടിലോ എടുക്കാം. സമാനമായ നിയമനിർമാണത്തിന് ബ്രിട്ടനിലും ചർച്ച നടക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലും യുഎസിലെ ചില സംസ്‌ഥാനങ്ങളിലും ദയാമരണം നിയമവിധേയമാണ്. നെതർലൻഡ്‌സ്, സ്പെയിൻ, പോർച്ചുഗൽ, കാനഡ, ഓസ്ട്രേലിയ, കൊളംബിയ, ബൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ ചില അവസ്‌ഥകളിൽ ദയാവധം (യൂത്തനേസിയ) അനുവദിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved