ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഏജൻസിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.
കേസിൽ അന്വേഷണം തുടരുമെങ്കിലും കുറ്റപ്പത്രമടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.
മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ലെന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒയുടെ അഭിഭാഷകര്‍, ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്‍റെ ബെഞ്ചിന് നല്‍കിയിരുന്നുവെന്നാണ് സിഎംആര്‍എൽ വാദിച്ചത്. ഈ വാദം കോടതി ഹൈക്കോടതി അംഗീകരിച്ചതോടെ കേസിൽ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത എസ്എഫ്‌ഐഒ നടപടി വീണ്ടും ചോദ്യചെയ്യപ്പെട്ടേക്കും.
© Copyright 2024. All Rights Reserved