വത്തിക്കാൻ സിറ്റി • മധ്യപൂർവദേശത്തും കിഴക്കൻ യൂറോപ്പിലും മതതീവ്രവാദത്തെത്തുടർന്നുള്ള സംഘർഷങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്കിടയിൽ സമാധാനത്തിനായി എല്ലാ ശ്രമവും നടത്തുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഉറപ്പു നൽകി. പൗരസ്ത്യസഭകളുടെ പാരമ്പര്യം സംരക്ഷിച്ച് ആധ്യാത്മികതയിൽ വളരാൻ മേഖലയിൽ സമാധാനം പുലരണമെന്നും പൗരസ്ത്യ റീത്തുകളായ കോപ്റ്റിക്, കൽദായ, മാരനൈറ്റ്, എറിട്രിയൻ, സിറോ മലബാർ, ഗ്രീക്ക് തീർഥാടകരോട് മാർപാപ്പ പറഞ്ഞു.
മധ്യപൂർവദേശത്തെയും കിഴക്കൻ യൂറോപ്പിലെയും കത്തോലിക്കാ സമൂഹങ്ങൾക്കു മതതീവ്രവാദംമൂലം കടുത്ത പീഡനം അനുഭവിക്കേണ്ടിവരുന്നതായി മാർപാപ്പ പറഞ്ഞു. മഹത്തായ പാരമ്പര്യം ഉണ്ടായിരുന്ന മധ്യപൂർവദേശത്തെയും ഇറാഖിലെയും സിറിയയിലെയും വിശ്വാസികൾക്ക് സ്വന്തം നാട്ടിൽ ദുരിതങ്ങളിൽ കഴിയേണ്ടിവരുന്നു. ഈ പ്രദേശങ്ങളിലും യുക്രെയ്‌നിലും സമാധാനം പുനഃസ്‌ഥാപിക്കുന്നതിന് മധ്യസ്‌ഥതയ്ക്ക് തയാറാണെന്നും പാപ്പ പറഞ്ഞു. പീഡനങ്ങൾക്കും അക്രമങ്ങൾക്കുമിടയിൽ അനുരഞ്ജനത്തിനായി ഇവിടുത്തെ വിശ്വാസികൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
© Copyright 2024. All Rights Reserved