ചെന്നൈ: ഐപിഎല്ലില്‍ മത്സരക്ഷമത നിലനിര്‍ത്താനും ടീമിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നില്ലെങ്കില്‍ ധോണി കളി മതിയാക്കണെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെയാണ് ധോണി സീസണിടിയില്‍ വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ ധോണിക്ക് കീഴിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.
ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായത് വിമര്‍ശിക്കപ്പെട്ടിരുന്നു. 17 ഓവറില്‍ 170 റണ്‍സിലെത്തിയ ചെന്നൈക്ക് ധോണി ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറില്‍ 17 റൺസ് മാത്രമാണ് നേടാനായത്. വിക്കറ്റിന് പിന്നില്‍ വൈഭവ് സൂര്യവന്‍ശിയുടെ ദുഷ്കരമായൊരു ക്യാച്ചും ധോണി നഷ്ടമാക്കിയിരുന്നു. ഇതിന് പിന്നാലെ ധോണി വിരമിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയും ചെയ്തു. ഇതിന് പിന്നാലെ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധോണി കളി മതിയാക്കണമെന്ന് ശ്രീകാന്തും അഭിപ്രായപ്പെട്ടത്.
ധോണിക്കും പ്രായമാകുകയാണ്. ഇനി അദ്ദേഹത്തില്‍ നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതേസമയം, വെറുതെ ഇറങ്ങി പന്തുകള്‍ നഷ്ടമാക്കുന്നതും അംഗീകരിക്കാനാവില്ല. ടീമിനായി നന്നായി കളിക്കാനാവുന്നില്ലങ്കില്‍ വഴി മാറികൊടുക്കുകയാണ് വേണ്ടത്. പക്ഷെ ആ തീരുമാനം എടുക്കേണ്ടത് ധോണി തന്നെയാണ്. അടുത്ത വര്‍ഷവും തുടരുമോ, ഇനി തുടരുകയാണെങ്കില്‍ ഏത് റോളിലായിരിക്കും, ക്യാപ്റ്റനാകുമോ, അതോ കീപ്പറാകുമോ ഇനി ഫിനിഷര്‍ മാത്രമാകുമോ എന്നീ കാര്യങ്ങളിലെല്ലാം ധോണി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
© Copyright 2024. All Rights Reserved