മിച്ചല്‍ സ്റ്റാര്‍ക്കോ ഹേസല്‍വുഡോ അല്ല, നേരിടാന്‍ ബുദ്ധിമുട്ടേറിയ 4 ബൗളര്‍മാരെ തെരഞ്ഞെടുത്ത് പൂജാര

26/08/25

രാജ്കോട്ട്: കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച നാലു ബൗളര്‍മാരെ തെരഞ്ഞെടുത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ചേതേശ്വര്‍ പൂജാര. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച് ഏഴായിരത്തിലേറെ റണ്‍സടിച്ച പൂജാര രാഹുല്‍ ദ്രാവിഡിന് ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലായിരുന്നു. 2018-19ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും 2020-21ല്‍ പരമ്പര നേട്ടം ആവര്‍ത്തിച്ചപ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായിരുന്നു പൂജാര. ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹേസല്‍വുഡിനെയുമെല്ലാം നേരിട്ടിട്ടുണ്ടെങ്കില്‍ ഓസീസ് താരങ്ങളില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളര്‍ നായകന്‍ പാറ്റ് കമിന്‍സാണെന്ന് പൂജാര ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കമിന്‍സ് കഴിഞ്ഞാല്‍ പിന്നീട് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്നും സഹതാരവും നിലവില്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനുമായ മോര്‍ണി മോര്‍ക്കലുമാണ് പിന്നീട് ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍മാരെന്ന് പൂജാര വ്യക്തമാക്കി. ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സനാണ് പൂജാര തെരഞ്ഞെടുത്ത പട്ടികയിലെ നാലാമന്‍.

ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ പാഡണിഞ്ഞ പൂജാര 19 സെഞ്ചുറികള്‍ അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. 278 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 21301 റണ്‍സാണ് പൂജാര കരിയറില്‍ നേടിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ അവസാനമായി ഇന്ത്യക്കായി കളിച്ച പൂജാരയെ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലും ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് പൂജാര സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu