
മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തിച്ചേർന്നു. ലോക കേരള സഭയും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'മലയാളി ഫെസ്റ്റിവൽ' പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ, ലോക കേരള സഭ പ്രതിനിധികൾ, മറ്റ് പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം വിദേശത്ത് അവതരിപ്പിക്കുന്നതിനും ഈ ഫെസ്റ്റിവൽ ഒരു വേദി ഒരുക്കും. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ഇ.എം. സുധീർ, ഖത്തർ സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീർ എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയായ ലോക കേരള സഭയുടെ ഭാഗമായി നടക്കുന്ന ഈ ഫെസ്റ്റിവൽ, കേരളവും പ്രവാസ ലോകവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. വിവിധ കലാപരിപാടികളും സാംസ്കാരിക സെമിനാറുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
















© Copyright 2025. All Rights Reserved