മുന്നറിയിപ്പിന് പിന്നാലെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ, പലായനം ചെയ്‌ത് ജനങ്ങൾ; ലെബനനിലെ നാലു ഗ്രാമങ്ങളിൽ വൻ നാശം

20/11/25

ജറുസലം തെക്കൻ ലബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഒരാൾ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സൈനിക അടിസ്‌ഥാന സൗകര്യങ്ങളാണ് ആക്രമിക്കുന്നതെന്നും അതിർത്തി മേഖലയിൽ ഹിസ്ബുല്ല ശക്തി പ്രാപിക്കുന്നത് തടയാനാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. 2024 നവംബറിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഹിസ്ബുല്ല വീണ്ടും ആയുധങ്ങൾ സംഭരിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

തെക്കൻ ലബനനിൽ നാലു ഗ്രാമങ്ങളിലെ കെട്ടിടങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ഇസ്രയേൽ മുന്നറിയിപ്പു നൽകിയതിന് പിന്നാലെ അവിടങ്ങളിലെ താമസക്കാർ പലായനം ചെയ്തുതു. ദീർ കിഫ, ചെഹോർ, ഐനാറ്റ, ടൈർ ഫിൽസായ് എന്നീ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തെ തുടർന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചു. അൽ ടിരിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ പുനസ്‌ഥാപിക്കാൻ പ്രവർത്തിച്ച ഒരു ഹിസ്ബുല്ല അംഗത്തെ കൊലപ്പെടുത്തി എന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.

ചൊവ്വാഴ്ച തെക്കൻ ലബനനിൽ തീരനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. 2024 നവംബറിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തലിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 270 പേരാണ് കൊല്ലപ്പെട്ടതെന്നു ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu