മുന്നറിയിപ്പുമായി ട്രംപ് : 'മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവും'

13/06/25

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നൽകിയ മുന്നറിയിപ്പിൽ ഉടൻ മേഖലയിൽ വലിയ ഏറ്റുമുട്ടലുണ്ടാവുമെന്നാണ് ട്രംപ് വിശദമാക്കിയത്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ടെഹ്റാൻ വ്യാഴാഴ്ച വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഏറ്റുമുട്ടലിനേക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

ആസന്നമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് വളരെ നന്നായി സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണെന്നാണ് വ്യാഴാഴ്ച ട്രംപ് മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. നേരത്തെ ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിലായിരുന്നു അമേരിക്ക. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നാണ് നെതന്യാഹു പറഞ്ഞത്. ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നുമാണ് വെള്ളിയാഴ്ച നടത്തിയ ആക്രമണത്തേക്കുറിച്ച് നെതന്യാഹു പറഞ്ഞത്. അതേസമയം തിരിച്ചടിക്കുമെന്നാണ് ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തേക്കുറിച്ച് ഇറാൻ പ്രതികരിച്ചത്.

ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കാനും ഭീകരമായ സൈനിക ഇടപെടൽ ഒഴിവാക്കാനുമായുള്ള കരാർ നേടാനുള്ള സാധ്യതകൾ മങ്ങിയതായും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കരാർ ഉണ്ടാവുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും നിലവിൽ അത്ര ആത്മ വിശ്വാസം ഇല്ലെന്നും അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. ഏതാനും മാസങ്ങളായി യുഎസ് അനുമതിയില്ലാതെ ഇറാനിലെ ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിക്കുമെന്ന ആശങ്കയാണ് അമേരിക്കയുടെ ഇൻറലിജൻസ് ഉദ്യോഗസ്ഥ‍ർ മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം ഏത് ശ്രമങ്ങളും ട്രംപ് മുൻകൈ എടുക്കുന്ന ഇറാനുമായുള്ള ആണവായുധ ധാരണകളെ തക‍ർക്കുമെന്നാണ് യുഎസ് ഇൻറലിജൻസ് നിരീക്ഷണം.

ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സൈനിക രാഷ്ട്രീയ പിന്തുണ നൽകുന്ന അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് ടെഹ്റാൻ നേരത്തെ വിശദമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഇറാനിയൻ താല്പര്യങ്ങൾ ആക്രമണ സാധ്യതയുള്ള പരിധിയിൽ വരുന്ന എംബസികൾ അടിയന്തര പ്രവർത്തന സമിതികൾ ചേർന്ന്, റിസ്ക് കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വാഷിംഗ്ടണിലേക്ക് റിപ്പോർട്ടുകൾ അയക്കാനും യുഎസ് ഉത്തരവിട്ടിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu