ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടില്ലെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വാദം വീണ്ടും തള്ളി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി-യു.എസ് ഇൻവെസ്റ്റ്മെന്റ് ഫോറം യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. വ്യാപാരം ആയുധമാക്കി തന്റെ ഭരണകൂടമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയതെന്ന നിലപാട് ട്രംപ് ആവർത്തിച്ചു.
-------------------aud--------------------------------
വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയതിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയേയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മോദിയും ഷഹ്ബാസ് ശരീഫും ശക്തരായ നേതാക്കളാണെന്നും ട്രംപ് പറഞ്ഞു. ചെറുതായി തുടങ്ങിയ പോരാട്ടം വലിയ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. അതിനിടെയാണ് യു.എസ് ഇടപെടലുണ്ടായത്. ലക്ഷക്കണക്കിനാളുകൾ മരിക്കുന്ന യുദ്ധമാണ് ഒഴിവായതെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തലിന് അമേരിക്ക ഇടപെട്ടെന്നും വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിക്ക് ഇരുരാജ്യങ്ങളും വഴങ്ങിയെന്നുമടക്കം ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇരുരാജ്യങ്ങളും തമ്മിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ നടപ്പായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചിരുന്നു. ഇതിന് പുറമേ കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനവും ഇന്ത്യ തള്ളിയിരുന്നു. കശ്മീർ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പ്രശ്നം മാത്രമാണെന്നും അത് പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ സഹായം ആവശ്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇതിന് പിന്നാലെയും ഒരിക്കൽ കൂടി ഇന്ത്യ-പാകിസ്താൻ തർക്കം തീർക്കാൻ താൻ ഇടപെട്ടുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്.
© Copyright 2024. All Rights Reserved