മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. ഇവർ ഏഷ്യൻ വംശജരാണ്. പത്ത് കിലോയിലധികം കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രമിനൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് എയർപോർട്ട് അഫയേഴ്സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലേക്ക് പ്രതികൾ മൂന്ന് പേരും എത്തിയപ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അധികൃതർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ഇവരോട് റെഡ് ചാനൽ വഴി മാറാൻ പറയുകയും പരിശോധിക്കുകയും ചെയ്തു. ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ അതിൽ ഭക്ഷണം സൂക്ഷിക്കുന്ന ചെറിയ കണ്ടയ്നറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത മയക്കുമരുന്ന് അധികൃതർ കണ്ടുകെട്ടുകയും കേസ് ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ രാജ്യത്തിനകത്തുനിന്ന് പിടികൂടുകയും ഇവരിൽ നിന്ന് ഹെറോയ്ൻ കണ്ടെത്തുകയും ചെയ്തു. ഇക്കാലയളവിൽ പിടികൂടിയ ലഹരിവസ്തുക്കളുടെ വിപണി മൂല്യം 185,500 ബഹ്റൈൻ ദിനാർ വരും. സംഭവത്തിൽ പ്രതികൾക്കെതിരെ കൂടുതൽ നിയമ നടപടികൾ എടുക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗം, ഇവയുടെ കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൽ ശ്രദ്ധയിൽപ്പെട്ടാൽ ഇതുസംബന്ധിച്ച വിവരങ്ങൾ 996, 999 എന്ന നമ്പറുകളിലോ 996@interior.gov.bh എന്ന മെയിൽ വഴിയോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved