
മെൽബണിലെ റോവില്ലിലുള്ള ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് നിന്ന് മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ സമ്മാനമായിരുന്നു ഈ പ്രതിമ.
തിങ്കളാഴ്ച പുലർച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ആസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ അജ്ഞാതരായ മോഷ്ടാക്കൾ മുറിച്ചെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടേകളിൽ പ്രതിമയുടെ കണങ്കാലിൽ ഒന്ന് മുറിഞ്ഞ നിലയിലാണ്. മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയത് എന്ന് കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിക്ടോറിയ പോലീസ് നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചുവരികയാണ്. വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നവരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറഞ്ഞു.
















© Copyright 2025. All Rights Reserved