മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാൻ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലിൽ. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാൻ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും.
-------------------aud--------------------------------
കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരാണ് തന്റേതെന്ന് ഫയലിൽ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാൻ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളിൽ കൃഷിയുടെയും കർഷകരുടെയും ക്ഷേമത്തിനായി കൂടുതൽ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്കു വടക്കേ ഇന്ത്യയിൽ സീറ്റ് കുറഞ്ഞതിനു മുഖ്യ കാരണം കർഷകർക്കിടയിലെ അതൃപ്തിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ്, പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രധാനമന്ത്രി പിഎം കിസാൻ നിധി ഫയലിൽ ഒപ്പുവച്ചത്. ഇന്നലെ വൈകിട്ടാണ് മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗം മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജവഹർ ലാൽ നെഹ്റുവിനു ശേഷം ഇതാദ്യമായാണ് തുടർച്ചയായി രണ്ടു ടേമും തികച്ചു ഭരിച്ച ഒരു പ്രധാനമന്ത്രി മൂന്നാം തവണയും അധികാരമേൽക്കുന്നത്. കഴിഞ്ഞ പത്തുവർഷക്കാലവും കണ്ട സ്ഥിരതയുള്ള ഭരണം തുടരാൻ മോദിക്കു കഴിയുമോ എന്നതാണു വരും നാളുകളിൽ രാജ്യം ഉറ്റുനോക്കുക. "മോദി ബ്രാൻഡ്' എവിടെ വരെയെന്നത് ഇന്ത്യൻ രാഷ്ട്രീയം വീക്ഷിക്കുന്നവരെല്ലാം ശ്രദ്ധിക്കുന്നത് . മോദിയുടെ ഇതുവരെയുള്ള രാഷ്ട്രീയ ഗ്രാഫ് അതു നിരീക്ഷിക്കുന്ന മുഴുവൻ ആളുകളെയും അത്ഭുതപ്പെടുത്തുന്നതാണ്. 1984നു ശേഷം ആദ്യമായി ഒരു കക്ഷിക്ക് പാർലമെൻറിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിക്കൊടുക്കുന്നതു മോദിയാണ്. .
© Copyright 2024. All Rights Reserved