ലണ്ടൻ: മോഷണം പോയ സ്വന്തം കാർ കണ്ടെത്താനായി ഡിറ്റക്ടീവായി മാറി കാർ കണ്ടെത്തി തിരികെ കൊണ്ടുവന്ന് ദമ്പതികൾ. യുകെയിലാണ് സംഭവം. മിയ ഫോർബ്സ് പിരി, മാർക്ക് സിംപ്സൺ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാർ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാൽ തങ്ങൾ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞതായി ദി ടൈംസ് റിപ്പോർട്ട് ചെയ്തു.
ഈ മാസമാദ്യമാണ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള വീട്ടിൽ നിന്ന് ദമ്പതികളുടെ ജാഗ്വാർ ഇ-പേസ് കാർ മോഷണം പോയത്. എന്നാൽ കാറിൽ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസർ ഘടിപ്പിച്ചിരുന്നു. കാർ മോഷണം തടയുന്നതിനായി ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഗോസ്റ്റ് ഇമ്മൊബിലൈസറിന്റെ പാസ്കോഡ് പ്രൊട്ടക്ഷൻ ഉടമകൾക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ. ഇത് കൂടാതെ കാറിൽ ഒരു എയർടാഗ് ലൊക്കേറ്റർ കൂടി ഉണ്ടായിരുന്നു. ഇങ്ങനെ ദമ്പതികൾ കാർ ഇപ്പോൾ ചിസ്വിക്കിലാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇക്കാര്യം പൊലീസിൽ അറിയിച്ചപ്പോൾ, ഇപ്പോൾ തിരക്കിലാണെന്നും എപ്പോൾ അന്വേഷിക്കാൻ കഴിയില്ലെന്നും ഒരു 999 ഓപ്പറേറ്റർ പറഞ്ഞതായും റിപ്പോർട്ട്.
ജൂൺ 4 ന് ആണ് കാർ കാണാതായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുലർച്ചെ 3:20 ന് വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ കാർ രാവിലെ 10.30 ന് ചിസ്വിക്കിലെത്തിയതായി എയർടാഗിൽ കാണിച്ചു. ഇത് മനസിലാക്കിയ ദമ്പതികൾ പൊലീസിന്റെ അഭആവത്തിലും ചിസ്വിക്കിലേക്ക് പോകുകയായിരുന്നു. ശാന്തമായ ഒരു തെരുവിൽ നിന്നാണ് കാർ കണ്ടെത്തിയത്. കാറിലെ സുരക്ഷാ സംവിധാനങ്ങൾ ക്രാക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ഉൾഭാഗവും കാർപെറ്റും മോഷ്ടാക്കൾ വലിച്ചു കീറിയിരുന്നു.
നമ്മുടെ സ്വന്തം കാർ തിരികെ മോഷ്ടിക്കുന്നത് ഒരു തരത്തിൽ ഫണ്‍ ആണ് എന്നാണ് മിയ ഫോർബ്സ് പിരി ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവച്ചത്. പൊലീസിന് ആവശ്യത്തിന് റിസോഴ്‌സ് ഇല്ലെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കാറുടമ പ്രതികരിച്ചതായി ദി ടൈംസ് റിപ്പോർട്ട് ചെയ്തു.
© Copyright 2024. All Rights Reserved