ദുബൈ: യുഎഇയിലെ ചില ബാങ്കുകളിൽ അക്കൗണ്ടിലുള്ള മിനിമം ബാലൻസ് തുക 5000 ദിർഹമായി ഉയർത്താനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവെച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് നടപടി. രാജ്യത്തെ ചില ബാങ്കുകൾ മിനിമം അക്കൗണ്ട് ബാലൻസ് 3000 ദിർഹത്തിൽ നിന്നും 5000 ദിർഹത്തിലേക്ക് ഉയർത്താൻ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് താഴ്ന്ന വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയായിരുന്നു.
എന്നാൽ, മിനിമം അക്കൗണ്ട് ബാലൻസ് വർധിപ്പിക്കുന്ന തീരുമാനം താൽക്കാലികമായി നിർത്തിവെക്കാൻ സെൻട്രൽ ബാങ്ക് നിർദേശിക്കുകയായിരുന്നു. ബാങ്കുകളുടെ ഈ തീരുമാനം തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കണമെന്നും അടുത്ത നിർദേശം ഉണ്ടാകുന്ന വരെയും മിനിമം അക്കൗണ്ട് ബാലൻസ് ഉയർത്തരുത് എന്നുമാണ് പറഞ്ഞിരിക്കുന്നത്.
അക്കൗണ്ടുകളിൽ 5000 ദിർഹം ബാലൻസ് തുകയായി നിലനിർത്താൻ കഴിയാത്ത ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ചില ബാങ്കുകൾ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ ഉള്ളവരിൽ നിന്ന് പ്രതിമാസം 25 ദിർഹമോ അതിലധികമോ ഫീസ് ഇനത്തിൽ ഈടാക്കാനായിരുന്നു തീരുമാനം. അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിലനിർത്താൻ കഷ്ടപ്പെടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ സംബന്ധിച്ച് പുതിയ തീരുമാനം വലിയ ആശ്വാസമാണ്.
© Copyright 2024. All Rights Reserved