
ദുബായ് ഇന്ന് (നവംബർ 10) യുഎഇയിലുടനീളം പൊടി നിറഞ്ഞ കാലാവസ്‌ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വടക്കൻ, കിഴക്കൻ മേഖലകളിലേക്ക് പൊടിക്കാറ്റ് ശക്തമായി വീശും
ഇതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ് കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതേസമയം, പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപുകളിലും ചില സമയങ്ങളിൽ ഭാഗികമായോ പൂർണമായോ മേഘാവൃതമായ കാലാവസ്‌ഥയായിരിക്കും. ഈ ആഴ്‌ചയുടെ തുടക്കം തന്നെ തണുപ്പുള്ള അന്തരീക്ഷത്തിലായിരിക്കും.
രാജ്യത്തെ പല പ്രധാന നഗരങ്ങളിലും താപനില കുറയാൻ സാധ്യതയുണ്ട്. ഷാർജയിൽ താപനില 19 സെൽഷ്യസ് വരെ താഴുമെന്നാണ് പ്രവചനം. കൂടാതെ, ദുബായിൽ കുറഞ്ഞ താപനില 23° സെൽഷ്യസിലും അബുദാബിയിൽ 22° സെൽഷ്യസിലും എത്താൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശിത്തുടങ്ങി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറും.
കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും, ഇത് ചില സമയങ്ങളിൽ 30 കിലോമീറ്റർ വരെ വർധിച്ചേക്കാം. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.
















© Copyright 2025. All Rights Reserved