ലൊസാഞ്ചലസ് . യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം തുടരവെ ലൊസാഞ്ചലസിൽ 700 മറീനുകളെ (യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗമാണ്) കൂടി വിന്യസിക്കാൻ ഉത്തരവിട്ട് ട്രംപ്. കൂടുതൽ നാഷനൽ ഗാർഡ് സൈനികർ സ്ഥലത്തെത്തുന്നതുവരെ ഫെഡറൽ സ്വത്തും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ഒരു ബറ്റാലിയനെ അയയ്ക്കുമെന്ന് യുഎസ് സൈന്യം അറിയിച്ചു. അക്രമം നിയന്ത്രണാതീതമാകുന്നതു തടയാൻ സൈനികരെ വിന്യസിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച പറഞ്ഞത്.
കുടിയേറ്റക്കാരെ തടങ്കലിലാക്കിയിരിക്കുന്ന ഒരു ഫെഡറൽ തടങ്കൽ കേന്ദ്രത്തിനു പുറത്ത് നൂറുകണക്കിനു പ്രതിഷേധക്കാർ ഒത്തുകൂടി പ്രതിഷേധിച്ചു. ലൗഡ്‌സ്‌പീക്കറിൽ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ റബർ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രതിഷേധക്കാർക്കു നേരെ പൊലീസ് എറിഞ്ഞു. തടങ്കൽ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചവർ സൈനികർക്ക് നേരെ 'പിഗ്‌സ് ഗോ ഹോം' എന്ന മുദ്രാവാക്യമുയർത്തി.
മറീൻസ് നഗരത്തിൽ എത്തണമെന്ന് ഔദ്യോഗികമായ നിർദേശം
ലഭിച്ചിട്ടില്ലെന്ന് ലൊസാഞ്ചലസ് പൊലീസ് മേധാവി ജിം
മക്ഡൊണാൾഡ് പറഞ്ഞു. ഫെഡറൽ നിയമവും സംസ്ഥാനത്തിന്റെ
സ്വയംഭരണാധികാരവും ലംഘിക്കുന്നെന്ന് ആരോപിച്ച് നാഷനൽ
ഗാർഡിന്റെയും മറീനുകളുടെയും വിന്യാസം തടയാൻ
കലിഫോർണിയ സംസ്‌ഥാനം ട്രംപ് ഭരണകൂടത്തിനെതിരെ
കോടതിയെ സമീപിച്ചിട്ടുണ്ട്. 2000 സൈനികരെ വിന്യസിച്ചതിനു
പിന്നാലെ ട്രംപ് ഇനിയും 2000 നാഷനൽ ഗാർഡ് സൈനികരെ
ലൊസാഞ്ചലസിലേക്കു വിന്യസിക്കുകയാണെന്നു കലിഫോർണിയ
ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
© Copyright 2024. All Rights Reserved