
യുകെയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വർഷത്തെ കാലാവധി പത്ത് വർഷമായി ഉയർത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാർലമെന്റിൽ കടുത്ത പ്രതിഷേധം. ലേബർ ഗവൺമെന്റ് പരിഗണിക്കുന്ന ഈ നിർദ്ദേശം ആരോഗ്യ-പരിചരണ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
നിലവിൽ സ്കിൽഡ് വർക്കർ, ഹെൽത്ത് ആൻഡ് കെയർ വീസകളിൽ എത്തുന്നവർക്ക് അഞ്ച് വർഷത്തെ നിയമപരമായ താമസത്തിന് ശേഷം ഐഎൽആറിന് അപേക്ഷിക്കാം. എന്നാൽ, കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ കാലാവധി പത്ത് വർഷമാക്കി ഉയർത്തുന്നതിനെക്കുറിച്ച് പാർലമെന്റിലെ കഴിഞ്ഞ രണ്ട് യോഗങ്ങളിൽ ചർച്ചകൾ നടന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടൻ-ഓൺ-സീയിൽ നിന്ന് നിരവധിപേർ ഒപ്പിട്ട് സമർപ്പിച്ച നിവേദനം വരുന്ന സമ്മേളനങ്ങളിൽ ഉയർത്തിക്കാണിക്കും. ലേബർ സർക്കാർ സ്കിൽഡ് വർക്കർ റൂട്ടിൽ ശമ്പള പരിധി ഉയർത്തിയത് ഐഎൽആറിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്ര കൂടുതൽ പ്രയാസകരമാക്കിയിട്ടുണ്ട്. മീഡിയം സ്കിൽഡ് ജോലികളെ വീസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഐഎൽആറിന് അർഹത നേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്കിൽഡ് വർക്കർ വീസ വഴി അഞ്ച് വർഷം പൂർത്തിയാക്കി ഐഎൽആറിന് അപേക്ഷിക്കുന്നവരെ ലക്ഷ്യം വച്ച് ഹോം ഓഫിസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ സ്പോൺസർഷിപ് സർട്ടിഫിക്കറ്റുകൾ വഴി യുകെയിൽ തുടരുകയും പിന്നീട് സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കും. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെട്ടാൽ അപേക്ഷകൾ തള്ളുക മാത്രമല്ല, നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. ആഷ്ഫോർഡിൽ നിന്നുള്ള ലേബർ എംപിയും മുൻ എൻഎച്ച്എസ് നഴ്സുമായ സോജൻ ജോസഫ്, ഈ നീക്കത്തിനെതിരെ പാർലമെന്റിൽ ശക്തമായ ഭാഷയിൽ സംസാരിച്ചു. എൻഎച്ച്എസിലും സോഷ്യൽ കെയർ രംഗത്തും രാപ്പകൽ അധ്വാനിക്കുന്ന രാജ്യാന്തര തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള വഴി കടുപ്പിക്കുന്നത് അവരുടെ സേവനത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് കരുതി എത്തുന്നവർക്ക് മേൽ കാലാവധി വർധിപ്പിക്കുന്നത് വലിയ മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം കർശന നിയമങ്ങൾ യുകെയെ ഒരു ആകർഷകമായ തൊഴിലിടം അല്ലാതാക്കി മാറ്റുമെന്നും മിടുക്കരായ ആരോഗ്യ പ്രവർത്തകർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















© Copyright 2025. All Rights Reserved