
ബ്രിട്ടനിൽ മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വൻതോതിൽ ഡിജിറ്റൽ അതിക്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. ‘വാക്കിങ് ടൂർ’, ‘നൈറ്റ് ലൈഫ് കണ്ടന്റ്’ എന്നീ പേരുകളിൽ സ്ത്രീകളുടെ അനുവാദമില്ലാതെ വസ്ത്രധാരണവും നടത്തവും ഒളിക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് മാഫിയ സംഘങ്ങൾ സമ്പാദിക്കുന്നത്.
രാജ്യാന്തര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഈ സംഘങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് ഈ ‘ഡിജിറ്റൽ വേട്ട’ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം അറുപത്തിയഞ്ചിലധികം ചാനലുകളിലായി മൂന്ന് ബില്യനിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ അനുവാദമില്ലാതെ വളരെ താഴ്ന്ന ആംഗിളുകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ അശ്ലീല ചുവയുള്ള തംബ്‌നെയിലുകൾ ചേർത്താണ് അപ്‌ലോഡ് ചെയ്യുന്നത്. സ്വന്തം ദൃശ്യം ചിത്രീകരിക്കപ്പെട്ട വിവരം പല യുവതികളും അറിഞ്ഞിരുന്നില്ല. വിഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ട് മാനസികമായി തകർന്ന അൻപതോളം യുവതികളെ മാധ്യമ സംഘം കണ്ടെത്തി. പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിക്കുന്നത് യുകെയിൽ നിലവിൽ കുറ്റകരമല്ല. എന്നാൽ അത് ശല്യം ചെയ്യുന്ന രീതിയിലോ ലൈംഗിക ഉദ്ദേശ്യത്തോടെയോ ആണെങ്കിൽ നിയമനടപടി സ്വീകരിക്കാം. മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് യുട്യൂബും ടിക് ടോക്കും പല ചാനലുകളും നീക്കം ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം ‘വോയറിസം’ രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫിസ് വക്താക്കൾ അറിയിച്ചു. യുകെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദും ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved