യുകെയുടെ പ്രമാദമായ ട്രിഡന്റ് മിസൈൽ പരീക്ഷണം പരാജയപ്പെട്ടത് ആണവ പ്രതിരോധത്തിന്റെ ശേഷിയെ അട്ടിമറിക്കുമെന്ന് ഡിഫൻസ് സെക്രട്ടറിക്ക് മുന്നറിയിപ്പ്. 17 മില്ല്യൺ പൗണ്ടിന്റെ മിസൈൽ ദിശതെറ്റി, തൊടുത്തുവിട്ട അന്തർവാഹിനിക്ക് സമീപം കടലിൽ തകർന്നുവീണത് നാണക്കേടിന് അപ്പുറമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നിരുന്നാലും ബ്രിട്ടന്റെ ആണവ പ്രതിരോധം ഫലപ്രദവും, ആശ്രയിക്കാവുന്നതുമാണെന്ന് ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആവർത്തിക്കുന്നു. ആണവായുധ സിസ്റ്റത്തിൽ മികച്ച ആത്മവിശ്വാസം ഉണ്ടെന്ന് ഗവൺമെന്റ് പറയുന്നു. ഇത് രണ്ടാം തവണയാണ് മിസൈൽ പരീക്ഷണം പരാജയമായി മാറുന്നത്. 2016-ലും സമാനമായ അവസ്ഥ നേരിട്ടിരുന്നു. കഴിഞ്ഞ മാസം ഫ്‌ളോറിഡയുടെ തീരത്ത് എച്ച്എംഎസ് വാൻഗാർഡ് ക്രൂ പരിശീലനം നടത്തവെയായിരുന്നു വിക്ഷേപണം. ഗ്രാന്റ് ഷാപ്‌സും, ഫസ്റ്റ് സീ ലോർഡ് അഡ്മിറൽ സർ ബെൻ കീയും അന്തർവാഹിനിയിൽ വിക്ഷേപണത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. ട്രിഡന്റ് 2 മിസൈൽ ആകാശത്തേക്ക് പറന്നുയർന്നെങ്കിലും ഇതിന്റെ ആദ്യ ഘട്ട ബൂസ്റ്ററുകൾക്ക് തീപിടിച്ചില്ല, ഇതോടെ 58 ടൺ വരുന്ന മിസൈൽ അന്തർവാഹിനിക്ക് സമീപം തന്നെ വന്നുപതിച്ച് മുങ്ങിത്താണതായാണ് റിപ്പോർട്ട്.
മിസൈലിനൊപ്പമുള്ള ഉപകരണത്തിന്റെ പ്രശ്‌നമാണ് വിക്ഷേപണം പരാജയപ്പെടാൻ ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. പരീക്ഷണം പരാജയമായെങ്കിലും യഥാർത്ഥ സാഹചര്യങ്ങളിൽ ഈ പ്രശ്‌നം ഉടലെടുക്കില്ലെന്നാണ് ഡിഫൻസ് ശ്രോതസ്സുകളുടെ വാദം. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണങ്ങൾ കേട്ട് പുടിനെ പോലുള്ളവർ ചിരിക്കുന്നുണ്ടാകുമെന്ന് മുൻ ബ്രിട്ടീഷ് സൈനിക കമ്മാൻഡർ കേണൽ റിച്ചാർഡ് കെംപ് പ്രതികരിച്ചു.
© Copyright 2023. All Rights Reserved