
യുകെ സമ്പദ്വ്യവസ്ഥയെ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ള പുതിയ സാമ്പത്തിക റിപ്പോർട്ട് ഇന്ന് (ജൂലൈ 9) പ്രസിദ്ധീകരിച്ചു. പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ബാർക്ലേസും പി.ഡബ്ല്യു.സിയും സംയുക്തമായാണ് ഈ സുപ്രധാന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ ടോക്കണൈസേഷൻ സാങ്കേതികവിദ്യ യുകെയുടെ സാമ്പത്തിക രംഗത്ത് എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരും എന്നതാണ് റിപ്പോർട്ടിന്റെ പ്രധാന വിഷയം. പണം, മറ്റ് ആസ്തികൾ എന്നിവ സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ടോക്കണൈസേഷൻ. ഈ പുതിയ സാങ്കേതികവിദ്യ വഴി 2035-ഓടെ യുകെയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ പ്രതിവർഷം 33 ബില്യൺ പൗണ്ടിന്റെ വലിയ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ബാങ്കിംഗ് മേഖലയ്ക്ക് പുറത്തുള്ള സാധാരണ വ്യവസായങ്ങൾക്കായിരിക്കും ലഭിക്കുക. കൃത്രിമ ബുദ്ധി , ഡിജിറ്റൽ ഐഡന്റിറ്റി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഇത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ചെറുകിട വ്യാപാരികളുടെ ഇൻവോയ്സുകൾ സിസ്റ്റത്തിൽ പാസാകുന്ന നിമിഷം തന്നെ അവരുടെ അക്കൗണ്ടിലേക്ക് പണമെത്തും. സാധാരണക്കാർക്കുള്ള ക്ഷേമ പെൻഷനുകളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും യാതൊരുവിധ കാലതാമസവുമില്ലാതെ അക്കൗണ്ടുകളിൽ നേരിട്ടെത്തും. ഇൻഷുറൻസ് ക്ലെയിമുകൾ അപേക്ഷിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് തനിയെ ലഭിക്കുന്ന അത്യാധുനിക സംവിധാനവും ഇതിലൂടെ യാഥാർത്ഥ്യമാകും. രാജ്യത്തെ വ്യാവസായിക വളർച്ച വർദ്ധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യ സർക്കാരും മുൻകയ്യെടുത്ത് പ്രോത്സാഹിപ്പിക്കണമെന്ന് ബാർക്ലേസ് ആവശ്യപ്പെടുന്നു. ഈ വലിയ സാമ്പത്തിക അവസരം പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ പുതിയ നയങ്ങൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ടോക്കണൈസേഷന്റെ കാര്യത്തിൽ യുകെ ലോകരാജ്യങ്ങൾക്ക് തന്നെ ഭാവിയിൽ മികച്ചൊരു മാതൃകയാകണമെന്നാണ് റിപ്പോർട്ട് പറയുന്നത്. വരും വർഷങ്ങളിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ കൂടുതൽ വലിയ നിക്ഷേപങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. സാമ്പത്തിക രംഗത്ത് നടക്കുന്ന ഇത്തരം സുതാര്യമായ ഇടപാടുകൾ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
















© Copyright 2025. All Rights Reserved