
കീവ് യുക്രെയ്‌നിൽ റഷ്യ നടത്തിയ വ്യാപക ആക്രമണത്തിൽ ഗർഭിണി ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടു. മധ്യ യുക്രെയ്നിലെ ഡിനിപ്രോയിലെ ഒരു ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലാണ് ഇരുപത്തിമൂന്നു വയസുകാരിയായ ഗർഭിണി ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. തെക്കു കിഴക്കൻ യുക്രെയ്നിലെ സാപോറീഷ്യയിലെ ബിലെൻകിവ്‌സ്‌ക ജയിലിനു നേരെയുണ്ടായ ഗ്ലൈഡ് ബോംബ്, മിസൈൽ ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. എൺപതിലേറെ പേർക്ക് പരുക്കേറ്റു. കീവിലെ ഡാർണിറ്റ്സ്കിയിലെ 25 നില ഭവന സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തിൽ നാലു വയസ്സുകാരി ഉൾപ്പെടെ 8 പേർക്കു പരുക്കേറ്റു.
നഗരങ്ങൾ ഉൾപ്പെടെ 73 സ്‌ഥലങ്ങളിൽ ആക്രമണമുണ്ടായതായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. 10-12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. 3000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കുന്ന ഗ്ലൈഡ് ബോംബുകളാണു പ്രധാനമായും ഉപയോഗിച്ചത്. മുന്നൂറിലേറെ ഡ്രോണുകളും 3 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചിട്ടുണ്ട്.
ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ റഷ്യയിലെ എണ്ണസംഭരണികളും ആയുധനിർമാണകേന്ദ്രങ്ങളും ആക്രമിച്ചു.
74 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിൻ്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
















© Copyright 2025. All Rights Reserved