കീവ് 30 ദിവസത്തേക്കു വെടിനിർത്തണമെന്ന യുക്രെയ്നിന്റെ ആവശ്യം തള്ളിയ റഷ്യ ഡ്രോണാക്രമണം വീണ്ടും ശക്തമാക്കി. തുർക്കിയിലെ ഇസ്‌തംബുളിൽ നേരിട്ടുകണ്ടു ചർച്ച നടത്താനുള്ള റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ്റെ ക്ഷണം യുക്രെയ്ൻ പ്രസിഡൻ് വൊളോഡിമിർ സെലെൻസ്‌കി സ്വീകരിച്ചതിനു പിന്നാലെ റഷ്യയുടെ ഭാഗത്തുനിന്നു വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷ വെറുതേയായി. കൂടിക്കാഴ്ചയ്ക്കായി വ്യാഴാഴ്‌ച ഇസ്‌തംബുളിൽ പുട്ടിനെ കാത്തിരിക്കുമെന്നു സെലെൻസ്‌കി പറഞ്ഞതിനും റഷ്യയുടെ മറുപടിയില്ല.
വെടിനിർത്തണമെന്ന് യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയോട് ആവശ്യപ്പെട്ടപ്പോഴാണ് അതിനുപകരം തുർക്കിയിൽ ചർച്ച നടത്താമെന്നു പുട്ടിൻ നിർദേശിച്ചത്. ഞായറാഴ്‌ച രാത്രി നൂറിലേറെ ഡ്രോണുകളാണ് റഷ്യ അയച്ചത്. ഇതിൽ 55 എണ്ണം തകർത്തതായി യുക്രെയ്ൻ അറിയിച്ചു. തെക്കൻ യുക്രെയ്‌നിലെ ഒഡേസയിൽ വീടുകൾ തകർന്നു. ഡൊണെട്‌സ്കിൽ റെയിൽവേ സംവിധാനങ്ങൾക്കു കേടുപറ്റി. ഇതിനിടെ, കർസ്‌കിലെ യുക്രെയ്ൻ മിസൈലാക്രമണത്തിനു മറുപടിയായി ബാലിസ്‌റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം അവസാപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും യുക്രെയ്ൻ നടത്തുന്നുണ്ടെന്നും റഷ്യയിൽനിന്ന് അനുകൂലപ്രതികരണം പ്രതീക്ഷിക്കുന്നതായും സെലെൻസ്കി പറഞ്ഞു.
© Copyright 2024. All Rights Reserved