
കീവ് റഷ്യൻ ആക്രമണം ചെറുക്കാൻ യുക്രെയ്ന് കൂടുതൽ യുഎസ് നിർമിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി. ശൈത്യകാലത്ത് യുക്രെയ്ൻ ജനതയ്ക്ക് ചൂടും ശുദ്ധജലവും നിഷേധിക്കുന്നതിനും ഊർജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിടുന്ന റഷ്യ, യുക്രെയ്ൻ പുതുതായി വികസിപ്പിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യാവസായിക ഉൽപാദനം തടസപ്പെടുത്തുന്നതിനും ശ്രമം നടത്തുന്നതിനിടെയാണ് പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചത്. യുക്രയിൽ ഇപ്പോൾ കൂടുതൽ പാട്രിയട്ട് ലഭ്യമായെന്നും പ്രവർത്തന സജ്ജമാണെന്നും സെലെൻസ്കി വ്യക്തമാക്കി.
റഷ്യൻ മിസൈലുകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് പാട്രിയട്ട്. കൂടുതൽ പാട്രിയട്ട് നൽകണമെന്ന് യുറോപ്യൻ രാജ്യങ്ങളോട് സെലെൻസ്‌കി ആവശ്യപ്പെട്ടെങ്കിലും ഉൽപാദനത്തിലെ പരിമിതികളും സ്‌റ്റോക്കുകൾ നിലനിർത്തേണ്ടതും വിതരണം മന്ദഗതിയിലാക്കി രാജ്യത്തെ പ്രധാന അടിസ്‌ഥാനസൗകര്യ കേന്ദ്രങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാട്രിയട്ട് നൽകിയ ജർമനിക്കും ചാൻസലർ ഫ്രെഡറിക് മെർസിനും സെലെൻസ്‌കി നന്ദി അറിയിച്ചു. യുക്രെയ്നുള്ള ആയുധ വിതരണം നാറ്റോയാണ് ഏകോപിപ്പിക്കുന്നത്.
















© Copyright 2025. All Rights Reserved