
പുത്രജയ (മലേഷ്യ) അഞ്ചു നാൾ നീണ്ട അതിർത്തി സംഘർഷങ്ങൾ അവസാനിപ്പിച്ച് തായ്‌ലൻഡും കംബോഡിയയും സമാധാനത്തിനു കൈകൊടുത്തു. വെടിനിർത്തൽ ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
മേഖലാ കൂട്ടായ്മ്മയായ ആസിയാന്റെ അധ്യക്ഷപദവിയിലിരുന്നും വ്യക്തിപരമായ താൽപര്യമെടുത്തും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണ് ചർച്ചകൾക്കു മധ്യസ്‌ഥത വഹിച്ചത്. കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്ലൻഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെച്ചയാചിയും തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെ സമാധാനം സാധ്യമായതിൽ മലേഷ്യ സംതൃപ്തി അറിയിച്ചു.
ചർച്ചകൾക്കു ശേഷം സംയുക്‌ത മാധ്യമസമ്മേളനത്തിൽ ഹുൻ മാനെറ്റും ഫുംതാമും പരസ്‌പരം കൈകൊടുത്ത് സമാധാന അന്തരീക്ഷത്തിനായുള്ള ആത്മാർഥമായ ആഗ്രഹം വ്യക്തമാക്കി. ഒപ്പം, വെടിനിർത്തലിനായി ഇടപെട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിരന്തര സമ്പർക്കം പുലർത്തിയ ചൈനീസ് സർക്കാരിനും ഇരുവരും നന്ദി പറഞ്ഞു.
സംഘർഷങ്ങളിൽ ഇരുപക്ഷത്തുമായി 35 പേർ കൊല്ലപ്പെട്ടിരുന്നു. 260,000 പേർക്കു പലായനം ചെയ്യേണ്ടിവന്നു. യുദ്ധം തുടർന്നാൽ തായ്ലൻഡുമായും കംബോഡിയയുമായും വ്യാപാരത്തിനില്ലെന്നു പറഞ്ഞ് ട്രംപ് സമ്മർദം ചെലുത്തിയതിനു പിന്നാലെയാണ് മലേഷ്യയിൽ സമാധാനചർച്ച നടന്നത്.
















© Copyright 2025. All Rights Reserved