യുപിഐ വഴി ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ടോ? ഇത്തരം സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും; പുതിയ യുപിഐ നിയമങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍: പ്രധാന മാറ്റങ്ങള്‍ അറിയാം
പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്:
ബാലന്‍സ് എന്‍ക്വയറിക്ക് പരിധി: അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ബാലന്‍സ് എന്‍ക്വയറി ഒരു ആപ്പില്‍ ഒരു ഉപഭോക്താവിന് 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പേടിഎമ്മും ഫോണ്‍പേയും ഉപയോഗിക്കുകയാണെങ്കില്‍, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളില്‍ 50 തവണ വീതം മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലന്‍സ് പരിശോധിക്കുന്നവരെയും ഇത് ബാധിച്ചേക്കാം. തിരക്കേറിയ സമയങ്ങളില്‍ ബാലന്‍സ് എന്‍ക്വയറികള്‍ പരിമിതപ്പെടുത്താനും അല്ലെങ്കില്‍ നിര്‍ത്തിവെക്കാനും യുപിഐ ആപ്പുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലന്‍സ് അറിയിപ്പായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഓട്ടോപേ മാന്‍ഡേറ്റുകള്‍ക്ക് സമയപരിധി: യുപിഐയിലെ ഓട്ടോപേ മാന്‍ഡേറ്റുകള്‍ (എസ്‌ഐപി, നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഒരു മാന്‍ഡേറ്റിന് പരമാവധി 3 റീട്രൈകളോടെ ഒരു ശ്രമം മാത്രമേ അനുവദിക്കൂ. തിരക്കേറിയ സമയങ്ങളിലും ഓട്ടോപേ മാന്‍ഡേറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെങ്കിലും, അവയുടെ പ്രാബല്യത്തില്‍ വരുത്തുന്നത് തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമായിരിക്കും.
ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് നിയന്ത്രണം: ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇടപാട് അംഗീകരിച്ച് കുറഞ്ഞത് 90 സെക്കന്‍ഡിന് ശേഷമേ ആദ്യത്തെ പരിശോധന നടത്താന്‍ പാടുള്ളൂ. കൂടാതെ, രണ്ട് മണിക്കൂറിനുള്ളില്‍ പരമാവധി മൂന്ന് തവണ മാത്രമേ പരിശോധിക്കാന്‍ പാടുള്ളൂ. ചില പിഴവുകള്‍ സംഭവിക്കുകയാണെങ്കില്‍, അത്തരം ഇടപാടുകള്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും വീണ്ടും വീണ്ടും ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് നിര്‍ത്തുകയും വേണം.
അക്കൗണ്ട് ലിസ്റ്റ് ലഭിക്കുന്നതിന് പരിധി:
യുപിഐയില്‍, ഒരു ഉപയോക്താവിന് അവരുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സേവനമാണ് 'അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്' ഒരു പ്ലാറ്റ്ഫോമില്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. പുതിയ നിര്‍ദേശ പ്രകാരം, ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ ഒരു യുപിഐ ആപ്പില്‍ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ കഴിയൂ.
നിയന്ത്രണങ്ങള്‍ എന്തിന്?
സിസ്റ്റം ഓവര്‍ലോഡ് ഒഴിവാക്കാനും യുപിഐയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്താനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ എന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. മുമ്പ് സിസ്റ്റം ഓവര്‍ലോഡ് കാരണം യുപിഐ സേവനങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.
© Copyright 2024. All Rights Reserved