യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം.
നിശ്ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിന്‍റെ കിരീട നേട്ടം. നിലവിലെ ചാംപ്യന്മാരായ സ്പെയിനിന്‍റെ യുവനിരയെ വീഴ്ത്തി നേടിയ ജയം. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.
21ാം മിനിട്ടിൽ സ്പെയിനിന്‍റെ മാർട്ടിൻ സുബി മെൻഡിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി ആദ്യ ഗോളടിച്ചു. 45ാം മിനിട്ട് വരെ മത്സരം സമനിലയിൽ തുടർന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് നേടാൻ സ്പെയിന് കഴിഞ്ഞു. മൈക്കൽ ഒയാർ സബാൽ സ്പെയിനിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സ്പെയിനെ പിടിച്ചു കെട്ടിയത് റൊണാൾഡോ നേടിയ ഗോളാണ്. 61ാം മിനിട്ടിലാണ് ആ നിർണായക ഗോൾ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി.
© Copyright 2024. All Rights Reserved