
ജറുസലം ഹമാസ് രണ്ടു ബന്ദികളുടെ മൃതദേഹങ്ങൾ കുടി കൈമാറിയെന്ന് ഇസ്രയേൽ സൈന്യം. റെഡ് ക്രോസ് വഴി ഹമാസ് രണ്ടു മൃതദേഹങ്ങൾ കൈമാറിയെന്ന് സ്‌ഥിരീകരിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ ഓഫിസ്, അവ തിരിച്ചറിയുന്നതിന് ഉടൻ ഇസ്രയേലിൽ എത്തിക്കുമെന്നും അറിയിച്ചു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഹമാസ് ഇതുവരെ 15 മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറി. ഇനി 13 മൃതദേഹങ്ങൾ കൂടി വിട്ടുനൽകാനുണ്ട്.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ച് ചൊവ്വാഴ്‌ച ഗാസയിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബന്ദികളുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് വ്യക്തമാക്കിയിരുന്നു.
ബന്ദിയുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് കാലതാമസം വരുത്തുകയാണെന്നും ഏതാനും ദിവസം മുൻപ് തിരികെ നൽകിയ ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്‌ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. എന്നാൽ ഇസ്രയേലിൻ്റെ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് സമയം ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി.
















© Copyright 2025. All Rights Reserved