
ബെയ്ജിങ് പാക്കിസ്ഥാൻ - അഫ്ഗാനിസ്‌ഥാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്തത് ചൈന. കനത്ത പോരാട്ടത്തിനു പിന്നാലെ 48 മണിക്കൂർ വെടിനിർത്തൽ ഇരുസേനകളും ആഹ്വാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാശ്വതവുമായ ഒരു ഉടമ്പടിയിലെത്തണമെന്ന് താത്കാലിക വെടിനിർത്തലിന് പിന്നാലെ ചൈന ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനവും സുസ്‌ഥിരതയും നിലനിർത്തുന്നതിന് ക്രിയാത്മകമായ ചർച്ചകൾ വേണമെന്നും ചൈന ഈ ശ്രമത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. രാഷ്ട്രീയ ഒത്തുതീർപ്പിന്റെ പാതയിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിവരണമെന്നും ചൈന ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലെ ഭീകരവാദ ഗ്രൂപ്പുകളായ തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ, ബലൂച് ലിബറേഷൻ ആർമി എന്നിവയ്ക്ക് അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങൾ പരിഹരിക്കുന്നതിനായി ചൈന ഒരു ത്രികക്ഷി സംവിധാനത്തിലൂടെ ശ്രമിക്കുന്നതായും പിടിഐ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളിയ അഫ്ഗാൻ താലിബാൻ, കാബുളിൽ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാന്റെ നടപടികളാണ് സംഘർഷം രൂക്ഷമാക്കിയതെന്നും കുറ്റപ്പെടുത്തി.
















© Copyright 2025. All Rights Reserved