ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കിരീടം ബാഴ്‌സലോണയ്ക്ക്. എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 53- മിനിറ്റില്‍ യുവതാരം ലാമിന്‍ യമാല്‍ ആദ്യ ലീഡ് നല്‍കി. അധിക സമയത്തിന്റെ ആറാം മിനിറ്റില്‍ ഫെമമിന്‍ ലോപ്പസ്സിന്റെ രണ്ടാം ഗോളിലുടെ ബാഴ്‌സ ജയം ആധികാരികമാക്കി. ലീഗില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കെയാണ് 85 പോയിന്റ് നേടി ബാഴസലോണ എഫ് സി കിരീടം ഉറപ്പിച്ചത്. ലാലീഗയിലെ ബാഴ്‌സയുടെ ഇരുപത്തിയെട്ടാം കിരീടമാണിത്.
കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ജയിച്ചതോടെയാണ് ബാഴ്സലോണയുടെ കിരീടധാരണം നീണ്ടത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് നടന്ന മത്സരത്തില്‍ മയോര്‍ക്കയെ റയല്‍ മാഡ്രിഡ് ഇഞ്ചുറി ടൈം ഗോളില്‍ തോല്‍പ്പിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വന്തം തട്ടകത്തില്‍ റയലിന്റെ വിജയം. മത്സരം 1-1 സമനിലയില്‍ അവസാനിക്കും എന്ന് തോന്നിയിരിക്കേ 90+5-ാം മിനിറ്റില്‍ ഹക്കോബോ റാമോണ്‍ ആണ് റയലിനായി വിജയഗോള്‍ നേടിയത്. പരിക്ക് കാരണം പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെയാണ് മത്സരത്തിന് റയല്‍ ഇറങ്ങിയത്.
ബാഴ്‌സലോണയോട് എല്‍ ക്ലാസിക്കോയിലേറ്റ മുറിവ് മാറ്റാനാണ് റയല്‍ മാഡ്രിഡ് സാന്റിയോഗോ ബെര്‍ണബ്യൂവില്‍ ഇന്നിറങ്ങിയത്. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അടക്കം പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെ മയോര്‍ക്കയെ റയല്‍ മാഡ്രിഡ് നേരിട്ടു. തിബോ ക്വാര്‍ട്വ, ഫ്രാന്‍ ഗാര്‍സ്യ, ഹക്കോബോ റാമോണ്‍, റൗള്‍ അസെന്‍സ്യോ, ഫെഡറിക്കോ വാല്‍വര്‍ദെ, ഡാനി സെബല്ലോസ്, ലൂക്കാ മോഡ്രിച്ച്, ജൂഡ് ബെല്ലിംഗ്ഹാം, ആന്ദ്രേ ഗൂളര്‍, കിലിയന്‍ എംബാപ്പെ എന്നിവരായിരുന്നു റയലിന്റെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. ബഞ്ചിലാവട്ടെ ഒരൊറ്റ സീനിയര്‍ താരം മാത്രമാണുണ്ടായിരുന്നത്.
കിക്കോഫായി 11-ാം മിനിറ്റില്‍ മയ്യോര്‍ക്ക റയലിനെ ഞെട്ടിച്ചു. മാര്‍ട്ടിന്‍ വലിയന്റിന്റെ വകയായിരുന്നു ഗോള്‍. രണ്ടാംപകുതിയുടെ 68-ാം മിനിറ്റിലാണ് റയല്‍ കിലിയന്‍ എംബാപ്പെയിലൂടെ ഇതിന് മറുപടി നല്‍കുന്നത്. മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെയുടെ ഫിനിഷിംഗ്. റയലിനൊപ്പം കന്നി സീസണില്‍ 40 ഗോള്‍ തികയ്ക്കാന്‍ ഇതോടെ കിലിയന്‍ എംബാപ്പെയ്ക്കായി.
ഇതിന് ശേഷം വിജയഗോളിനായി റയല്‍ മാഡ്രിഡ് താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും മയോര്‍ക്ക ഗോളി ലിയോ റോമന്‍ വില്ലനായി. ഒടുവില്‍ ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റില്‍ പ്രതിരോധ താരം ഹക്കോബോ റാമോണ്‍ റയലിന് 2-1ന്റെ ജയം സ്വന്തം മൈതാനത്ത് ഉറപ്പിച്ചു.
© Copyright 2024. All Rights Reserved