കീവ്: വർഷങ്ങൾ നീണ്ട റഷ്യ- ഉക്രൈൻ ആക്രമണങ്ങളിൽ, ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ എത്രത്തോളം ഒരു രാജ്യത്തിൽ ചിതറിക്കിടക്കുന്നു എന്നു കാണിക്കുന്ന ഒരു ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു കിളിക്കൂടിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഒരേ സമയം കൗതുകവും ഭീതിയും പരത്തുന്നത്. കിളിക്കൂട് നിർമിക്കാനുപയോഗിച്ചിരിക്കുന്നത് ഫൈബർ-ഗൈഡഡ് എഫ്‌പിവി ഡ്രോണുകളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബറുകളാണ്.
ഏതാണ്ട് പൂർണമായും ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചാണ് കൂട് നിർമിച്ചിരിക്കുന്നത്. പുല്ല്, വൈക്കോൽ, ചുള്ളിക്കമ്പുകൾ തുടങ്ങിയവ ഉപയോഗിച്ച് കൂടു വെയ്ക്കുന്നതിന് സമാനമായാണ് ഫൈബറുകൾ പക്ഷി ഉപയോഗിച്ചിരിക്കുന്നത്. ടോറെറ്റ്സ്കിന് സമീപമാണ് നാഷണൽ ഗാർഡ് ഈ കൂട് കണ്ടെത്തിയത്.
മനുഷ്യർക്കു ശേഷം ഒപ്റ്റിക്കൽ ഫൈബർ അവശിഷ്ടങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച ആദ്യത്തെ ജീവി പക്ഷികളാണ്. യുദ്ധത്തിന്റെ തീജ്വാലകളിൽ പ്രകൃതി എങ്ങനെ അതിജീവിക്കുന്നു എന്നതിന്റെ ഡസൻ കണക്കിന് ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണിതെന്നും ദി ബ്രിഗേഡ് പറഞ്ഞതായി ഉക്രേനിയൻ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സമീപ കാലങ്ങളിൽ, ഫൈബർ ഒപ്റ്റിക് കേബിൾ വഴി നിയന്ത്രിക്കപ്പെടുന്ന എഫ്‌പിവി ഡ്രോണുകൾ വളരെ സാധാരണമായി റഷ്യയും ഉക്രൈനും ഉപയോഗിച്ചു വരുന്നുണ്ട്. രാജ്യത്ത് 15 കമ്പനികൾ ഫൈബർ ഡ്രോണുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഉക്രെയ്‌നിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി മൈഖൈലോ ഫെഡോറോ പ്രഖ്യാപിച്ചിരുന്നു.
© Copyright 2024. All Rights Reserved