ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് നഗരത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക വിന്യസത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ നഗരത്തിൽ സംഘർഷം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ഫ്ലാഷ് ബാങ്ങുകൾ എന്നിവ പ്രയോഗിച്ചു. പ്രതിഷേധക്കാർ ഹൈവേ തടസ്സപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നഗരത്തിൽ പൊലീസ് വിന്യാസം ശക്തിപ്പെടുത്തി. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിവസമാണ് സംഘർഷമുണ്ടായത്.
നഗരത്തിലേക്ക് ഏകദേശം 300 ഫെഡറൽ സൈനികരുടെ വരവിനെ തുടർന്നാണ് സംഘർഷമുടലെടുത്തത്.
നേരത്തെ ഇമിഗ്രേഷൻ റെയ്ഡുകൾക്ക് ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലോസ് ഏഞ്ചൽസ് നഗരത്തിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് ഉച്ചയോടെ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ തോക്കുകൾ പ്രയോഗിച്ചു. നിയമവിരുദ്ധമായി ഒത്തുകൂടിയതാണെന്ന് ഉടൻ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് നീക്കി.
ഗവർണർ ഗാവിൻ ന്യൂസം ട്രംപിന് അയച്ച കത്തിൽ, ഗാർഡിന്റെ സാന്നിധ്യം നഗരത്തിൽ സംഘർഷം വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഗവർണർ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചൽസിൽ കാണുന്നത് ഭരണകൂടം പ്രകോപിപ്പിക്കുന്ന കുഴപ്പങ്ങളാണെന്ന് മേയർ കാരെൻ ബാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുടിയേറ്റ വിരുദ്ധ ഏജൻസികളെ ലക്ഷ്യം വച്ചുള്ള സമീപകാല പ്രതിഷേധങ്ങൾ തടയാൻ ന്യൂസോമും മറ്റ് ഡെമോക്രാറ്റുകളും പരാജയപ്പെട്ടതിനാലാണ് നാഷണൽ ഗാർഡിനെ ഇറക്കിയതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ഗവർണറുടെ അഭ്യർത്ഥനയില്ലാതെ ദേശീയ ഗാർഡിനെ രംഗത്തിറക്കുന്നത്. വെള്ളിയാഴ്ച ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ ആരംഭിച്ച രണ്ട് ദിവസത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് നാഷണൽ ഗാർഡിനെ രംഗത്തിറക്കിയത്. ശനിയാഴ്ച നഗരത്തിന് തെക്ക് ലാറ്റിനോ നഗരമായ പാരാമൗണ്ടിലേക്കും അയൽരാജ്യമായ കോംപ്റ്റണിലേക്കും നാഷണൽ ഗാർഡിനെ വ്യാപിപ്പിച്ചു.
© Copyright 2024. All Rights Reserved