വടക്കൻ അഫ്ഗാനിൽ 6.3 തീവ്രതയിൽ ഭൂചലനം; 10 മരണം, ഇരുന്നൂറിൽ അധികം പേർക്ക് പരുക്ക്

04/11/25

കാബുൾ തിങ്കളാഴ്‌ച പുലർച്ചെ വടക്കൻ അഫ്‌ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയിൽ ഭൂചലനം. 10 പേർ മരിച്ചു. 260ൽ ഏറെ പേർക്ക് പരുക്കേറ്റു. ഖുലും നഗരത്തിന് പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറായി 22 കി.മീ. മാറിയാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം അർധരാത്രി 12.59ന് ആണ് ഭൂചലനം ഉണ്ടായതെന്ന് താലിബാൻ്റെ പൊതുജനാരോഗ്യ മന്ത്രാലയം വക്‌താവ് ഷറഫത് സമൻ അറിയിച്ചു. ബൽഖ്, സമൻഗൻ പ്രവിശ്യകളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്.

ബൽഖ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ മോസ്ക‌് ഇരിക്കുന്ന മേഖലയിലും നാശനഷ്ട‌ങ്ങളുണ്ടായി. പള്ളിയുടെ മതിലുകളിൽനിന്നു നിരവധി ഇഷ്ട്‌ടികകൾ താഴെവീണെങ്കിലും പള്ളിക്ക് കാര്യമായ കേടുപാടുകളില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണിത്. ഇവിടുന്നുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാബൂളിലും മറ്റു ചില പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കാബൂളിനെയും മസാറെ ഷരീഫിനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലേക്ക് പാറകൾ ഇടിഞ്ഞുവീണ് തടസ്സമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം നീക്കി. ഇവിടെ കുടുങ്ങിക്കിടന്നവരെയും പരുക്കേറ്റവരെയും സുരക്ഷിതസ്‌ഥാനത്തേക്കും ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

പാക്കിസ്ഥാനുമായുള്ള അതിർത്തി മേഖലയിൽ ഓഗസ്‌റ്റ് 31ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബർ ഏഴിനുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 4000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu