
ജറുസലം / കയ്റോ . വടക്കൻ ഗാസയിലെ കൂടുതലിടങ്ങളിൽനിന്ന് പലസ്തീൻകാർ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം നിർദേശിച്ചു. ഇന്നലെ മാത്രം ഗാസയിലെ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതിനിടെയാണ് ഈ നിർദേശം. ഗാസയിലെ ജബാലിയ, തുഫാ, ഖാൻ യൂനിസ് പ്രദേശങ്ങളിലാണ് ഇസ്രയേൽ ആക്രമണം രൂക്ഷമായത്. ഇവിടങ്ങളിൽ യുദ്ധവിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ചുള്ള ആക്രമണം പുലർച്ചെ മുതൽ ആരംഭിച്ചിരുന്നു.
രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കുള്ള സമയം മാത്രമേ സഹായവിതരണ കേന്ദ്രങ്ങളിലെത്താനുള്ള അനുവാദമുള്ളൂ എന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ, യുഎസ് പിന്തുണയോടെ മേയ് 27 മുതൽ പ്രവർത്തിച്ചുവരുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കേന്ദ്രങ്ങൾക്കു സമീപം ഇസ്രയേൽ വെടിവയ്പിൽ ഇതുവരെ 110 പലസ്‌തീൻകാർ കൊല്ലപ്പെട്ടെന്നാണ് അധികൃതർ പറയുന്നത്.
ഇതിനിടെ, ഗാസയിലെ ഖാൻ യൂനിസിൽ കെട്ടിടം തകർന്നു കൊല്ലപ്പെട്ട 4 സൈനികരിൽ 2 പേരുടെ വിവരം ഇസ്രയേൽ പുറത്തുവിട്ടു. ലെബനനിലെ ബെയ്റൂട്ടിൽ തെക്കൻ മേഖലകളിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ ഡ്രോൺ നിർമാണകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ആക്രമണം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ലെബനൻ ആരോപിച്ചു.
















© Copyright 2025. All Rights Reserved