വത്തിക്കാൻ സിറ്റി വാക്കുകൾ ഉപയോഗിക്കേണ്ടത് യുദ്ധത്തെ
തള്ളി സമാധാനമെന്ന ലക്ഷ്യത്തിനുവേണ്ടിയാകണമെന്ന് ലിയോ മാർപാപ്പയുടെ ആഹ്വാനം. കോൺക്ലേവ് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനായി റോമിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് നന്മകൾക്കായുള്ള വാക്കിന്റെ കരുത്തിനെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. മാധ്യമപ്രവർത്തകർ ശബ്ദമില്ലാത്തവരുടെ ശബ്‌ദമാകണമെന്നും ഓർമിപ്പിച്ചു.
സത്യം അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള ശ്രമങ്ങൾക്കിടെ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനവും മാർപാപ്പ ആവശ്യപ്പെട്ടു. ലോകമെമ്പാടുമായി ഇങ്ങനെ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകരോടുള്ള ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. 'തടവിലുള്ള മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന ദുരിതം രാജ്യങ്ങളുടെയും രാജ്യാന്തര സമൂഹത്തിന്റെയും മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമങ്ങളും അമൂല്യ അനുഗ്രഹങ്ങളാണ്. അവയെ പരിരക്ഷിക്കാനാകണം നമ്മുടെ ശ്രമം'- മാർപാപ്പ പറഞ്ഞു.
© Copyright 2024. All Rights Reserved