വാഷിങ്‌ടൻ . ഹാർവഡ് വാഴ്‌സിറ്റിയിൽ വിദേശികളായ
വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ പ ഭരണകൂടത്തിന്റെ നടപടി കോടതി തൽക്കാലം തടഞ്ഞു. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്‌റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്.
ഹാർവഡിന്റെ സ്‌റ്റുഡൻ്റ് ആൻഡ് എക്‌സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്ച്‌ചയാണ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോ ഉത്തരവിട്ടത്. അക്രമവും ജൂതവിരോധവും പ്രോത്സാഹിപ്പിക്കുന്നെന്നും ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കുന്നെന്നും ഹാർവഡിനെതിരെ നോം ആരോപണമുന്നയിച്ചു.
വിദ്യാർഥികളുമായി ബന്ധപ്പെട്ട ആറിന രേഖകൾ 72 മണിക്കൂറിനകം സമർപ്പിക്കാൻ സമയം നൽകി. വ്യവസ്‌ഥകൾ പാലിച്ചാൽ ഉത്തരവ് പിൻവലിക്കും; വിദേശി വിദ്യാർഥികളുടെ പ്രവേശനം തുടരാം. വിലക്ക് നിലനിർത്തുകയാണെങ്കിൽ, ഇപ്പോഴുള്ള വിദ്യാർഥികളെ മറ്റിടങ്ങളിലേക്കു മാറ്റണം പ്രവേശന വിലക്ക് 2025-26 അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരും.
യുഎസിലെ മാസച്യുസിറ്റ്സ് സംസ്‌ഥാനത്തെ കേംബ്രിജിലുള്ള ഹാർവഡ് സർവകലാശാലയിൽ ഇപ്പോഴുള്ള 6800 വിദ്യാർഥികൾ വിദേശികളാണ്. ഇവർ ആകെ വിദ്യാർഥികളുടെ 27% വരും. 700 പേർ ഇന്ത്യയിൽനിന്നുള്ളവരാണ്. മൂന്നിലൊരു ഭാഗം ചൈനയിൽ നിന്ന്.
© Copyright 2024. All Rights Reserved