തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് സ്കൂൾ വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ 66കാരന് രണ്ട് കേസുകളിലും മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലമ്പുഴ തോട്ടവാരം ലെയിനിൽ സുഹൃദനാണ് (66) കോടതി ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.
2022ൽ ആയിരുന്നു സംഭവം. ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ വിദ്യാർഥിനികളെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ആദ്യത്തെ കുട്ടിയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ചതിന് പിന്നാലെ കുട്ടി ബസിൽ നിന്ന സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി. ഇതോടെ അടുത്തുണ്ടായ കുട്ടിക്ക് നേരെ പ്രതി നീങ്ങിയത്. എന്നാൽ ഈ കുട്ടി ഇയാൾക്കെതിരെ പ്രതികരിച്ചതോടെ ബസിലുണ്ടായിരുന്നവർ ഇടപെട്ടു. പിന്നാലെ സംഭവത്തിൽ പോത്തൻകോട് പൊലീസ് രണ്ട് കേസുകൾ എടുത്തു.
ഈ രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു സലിം ഷാ ഹാജരായി.
© Copyright 2024. All Rights Reserved