ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്. കോലിയുടെ വൺ8 കമ്മ്യൂൺ പബ്ബിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പബ്ബിനുള്ളിൽ പുകവലിക്കുന്നവർക്ക് വേണ്ടി പ്രത്യേകമായി സ്മോക്കിംഗ് ഏരിയ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബൺ പാർക്ക് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
സിഗരറ്റും മറ്റ് പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ (COTPA) 4, 21 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വാർത്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അശ്വിനി ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പബ്ബിൽ അപ്രതീക്ഷിതമായി പരിശോധന നടത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് കോലിയുടെ പബ് സ്ഥിതി ചെയ്യുന്നത്. പരിശോധനയ്ക്ക് പിന്നാലെ മാനേജർക്കും ജീവനക്കാർക്കും എതിരെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പൊലീസ് കേസെടുത്തു.
വൺ8 കമ്മ്യൂണിണിൽ ഇതിന് മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിച്ചതിന് പബ്ബിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അഗ്നിശമന വകുപ്പിൽ നിന്ന് എൻഒസി നേടാത്തതിന് ഡിസംബറിൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കോലിയുടെ പബ്ബിന് നോട്ടീസും നൽകിയിരുന്നു.
© Copyright 2024. All Rights Reserved