
തിരുവനന്തപുരം: കേരളത്തിന്റെ തുറമുഖ-വാണിജ്യ മേഖലയിൽ നിർണായകമായ പുതിയ ചുവടുവയ്പ്പുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖം വഴിയുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് നടക്കും. ചൈനയിലെ നിങ്ബോ തുറമുഖത്തുനിന്ന് എത്തിയ എം.എസ്.സി സബ്രിന ത്രീ എന്ന കപ്പലിലാണ് ആദ്യ ഇറക്കുമതി ചരക്ക് എത്തിയത്. നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്. പരമ്പരാഗത പ്ലൈവുഡിന് പകരമായി ഉപയോഗിക്കാവുന്ന നിർമ്മാണ സാമഗ്രികളാണിവ. തിരുവനന്തപുരത്തെ ആൾട്ടയർ ഗ്രൂപ്പിന് വേണ്ടിയാണ് ചരക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചരക്കിന്റെ നടപടികൾ കൈകാര്യം ചെയ്തത്. തിരുവനന്തപുരത്തെ ഒരു പ്രാദേശിക സ്റ്റാർട്ടപ്പാണ് ഈ സ്ഥാപനം. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്. ജെറോമിക് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നേരത്തെ ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന് നേരിട്ടുള്ള ഇറക്കുമതി സേവനങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ നീക്കം. ഇതോടെ കേരളത്തിലെ വ്യാപാരികൾക്ക് വിദേശത്തുനിന്നുള്ള ചരക്കുകൾ നേരിട്ട് വിഴിഞ്ഞം വഴി എത്തിക്കാനുള്ള സാധ്യത വർധിക്കും. ചരക്കുകൾ മറ്റുതുറമുഖങ്ങളിലേക്ക് കൊണ്ടുപോയി അവിടെനിന്ന് കേരളത്തിലേക്ക് എത്തിക്കേണ്ട സാഹചര്യം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞത്ത് തന്നെ ചരക്കുകൾ ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാനും സംഭരിക്കാനും പിന്നീട് വിപണികളിലേക്ക് വിതരണം ചെയ്യാനും കഴിയും. ഇതിലൂടെ ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയാൻ സാധ്യതയുണ്ട്. പ്രാദേശിക സംരംഭകർക്ക് ഇത് കൂടുതൽ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ചരക്കുനീക്കം, കസ്റ്റംസ് ക്ലിയറൻസ്, ഗതാഗതം, വെയർഹൗസിങ് തുടങ്ങിയ അനുബന്ധ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ കേരളത്തിനുള്ളിൽ തന്നെ കൂടുതൽ നിലനിർത്താനും ഈ സംവിധാനം സഹായകരമാകും. രാജ്യാന്തര വ്യാപാര ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്ന വികസനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
















© Copyright 2025. All Rights Reserved