യുകെയിൽ അഭയാർത്ഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ ഇതിനു തടയിടാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീർ സ്റ്റാർമർ. അഭയാർത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോൾ സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസാ അപേക്ഷകൾ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീർ സ്റ്റാർമർ വ്യക്തമാക്കി.
-------------------aud--------------------------------
അനധികൃതമായി ആളുകൾ ബ്രിട്ടീഷ് മണ്ണിൽ പ്രവേശിക്കുന്നത് റെക്കോർഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതിൽ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാർമർ വ്യക്തമാക്കുന്നത്. സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാർത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാൻ സഹായിക്കാത്ത രാജ്യങ്ങൾക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു. ഇന്ത്യക്ക് പുറമെ അൽബേനിയ, പാകിസ്ഥാൻ, വിയറ്റ്‌നാം, ഇറാഖ്, ബംഗ്ലാദേശ് തുടങ്ങി 11 രാജ്യങ്ങളുമായി യുകെയ്ക്ക് പൗരൻമാരെ തിരിച്ചെടുക്കാൻ കരാറുണ്ട്. ഇതിന്റെ ബലത്തിൽ യുകെയിൽ അഭയാർത്ഥിത്വത്തിന് ശ്രമിക്കുന്ന അൽബേനിയൻ പൗരൻമാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി വ്യക്തമായിട്ടുണ്ട്.ഇത്തരം കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹകരണം അനുസരിച്ച് അവരുടെ പൗരൻമാർക്ക് വിസ നൽകുന്നതിലും വ്യത്യാസം അനുഭവപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. അതേസമയം യൂറോപ്പിലെത്തുന്ന അനധികൃത കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തുന്നത് തുടരുകയാണ്. ഓരോ അഞ്ച് മിനിറ്റിലും അനധികൃത ബോട്ടുകളിൽ ഇവർ തീരത്ത് പ്രവേശിക്കുന്നുവെന്നാണ് റിപ്പോർട്ട്.
© Copyright 2025. All Rights Reserved