ഹൈദരാബാദ്: ലഹരി വിൽപനയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ കണ്ണികളെ ഗോവയിൽ നിന്ന് തെലങ്കാന പൊലീസ് പിടികൂടി. ഒരാളുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വാഷിങ് മെഷീനിനുള്ളിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപ കണ്ടെടുത്തു. നേരത്തെ തെലങ്കാല ആന്റി നർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്ത ഒരാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരുമാസത്തോളം ലഹരി സംഘത്തിലെ കണ്ണികളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ഇതിനൊടുവിലാണ് ഗോവയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഉത്തരം സിങ് എന്നയാളിനെ ഗോവ പൊലീസിന്റെ സഹായത്തോടെ തെലങ്കാന ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് മാത്രം ഇയാൾക്ക് 2.10 കോടി രൂപയാണ് എത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ പൗരന്മാർ ഉൾപ്പെടെയുള്ളവർ നൽകിയിരുന്ന പണമാണിത്. ആദ്യം മുംബൈയിലേക്ക് കൈമാറുന്ന പണം പിന്നീട് ഇവിടെ നിന്ന് നൈജീരിയയിലേക്കാണ് എത്തിച്ചിരുന്നത്. മൊബൈൽ ഷോപ്പിലേക്കാണ് ലഹരി വിൽപനയുടെ പണം കൊണ്ടുവന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്പാർട്ട്മെന്റിൽ നിന്ന് കിട്ടിയ 50 ലക്ഷം രൂപ ലഹരി കച്ചവടത്തിലെ രണ്ട് ദിവസത്തെ മാത്രം കളക്ഷനാണെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകൾക്കകം ഇത് കൈമാറപ്പെടുമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മേയ് 26 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ 58 ഹവാല ഇടപാടുകളിലായി 2.10 കോടി രൂപ ഇയാൾക്ക് വന്നെത്തിയതായി സ്ഥിരീകരിച്ചു.
നേരത്തെ തെലങ്കാന പൊലീസ് പിടികൂടിയ രണ്ട് നെജീരിയക്കാരെ പിന്തുടർന്നാണ് അന്വേഷണം ഗോവയിലെത്തിയത്. രാജ്യത്തിന് പുറത്തുന്ന് ലഹരി എത്തിക്കുകയും പണം വാങ്ങി വിദേശത്തേക്ക് കൈമാറുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്ന അനവധി ഏജന്റുമാരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ പിടിയിലായത് എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
© Copyright 2024. All Rights Reserved