
ഖോസ്റ്റ്: കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാൻ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുൻസാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തിൽ അപലപിക്കുമ്പോൾ അത് തുടരുകയാണ് താലിബാൻ ചെയ്യുന്നത്.
















© Copyright 2025. All Rights Reserved