
ടെൽ അവീവ് ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഗാസയിൽ ശക്ത്‌തമായ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. കരാർ പാലിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും അതേസമയം കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്ത്തമാക്കി. ചൊവ്വാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചൊവ്വാഴ്‌ച നിർദേശം നൽകിയത്. ഗാസയിൽ ഹമാസിനെയും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളെയും തുരങ്കങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ട്‌ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം, ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു. ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ, ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്‌തമാക്കിയിരുന്നു. അതേസമയം, വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 'ഇസ്രയേൽ സൈനികനെ ഹമാസ് വധിച്ചു. ഇസ്രയേൽ തിരിച്ചടിച്ചു. ഹമാസ് മധ്യപൂർവദേശത്തെ സമാധാനത്തിൻ്റെ വളരെ ചെറിയൊരു ഭാഗമാണ്. അവർ നന്നായി പെരുമാറണം. ഒന്നും വെടിനിർത്തലിന് ഭീഷണിയാകില്ല' - ട്രംപ് പറഞ്ഞു.
















© Copyright 2025. All Rights Reserved