
വാഷിങ്ടൻ വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലുടെ ഒരു ജോഡി ബി-1ബി ബോംബർ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്. സമീപ ആഴ്‌ചകളിൽ യുഎസ് സൈനിക വിമാനങ്ങൾ നടത്തിയ മൂന്നാമത്തെ ശക്‌തി പ്രകടനമാണിത്. മേഖലയിലെ ലഹരിമരുന്ന് കടത്തുകാർക്കെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിനിടെയാണ് ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ പറന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.
യുഎസിന്റെ വടക്കൻ സംസ്‌ഥാനമായ നോർത്ത് ഡക്കോട്ടയിലെ ഒരു താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ബോംബർ വിമാനങ്ങൾ വെനസ്വേലൻ തീരത്തിനു സമാന്തരമായി പറന്നതായും പിന്നീട് അപ്രത്യക്ഷമായതായും ആണ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വ്യക്ത്തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ച വെനസ്വേലയ്ക്ക് സമീപം ഒരു ബി -1ബി വിമാനവും ഒന്നിലധികം ബി-52 ബോംബർ വിമാനങ്ങളും പറന്നിരുന്നു.
പോർട്ടറീക്കോയിലേക്ക് 10 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. ലഹരിക്കടത്ത് വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി ഏഴ് യുഎസ് നാവിക കപ്പലുകളും കരീബിയൻ കടലിൽ തമ്പടിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ ഇതുവരെ യുഎസിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന 10 കപ്പലുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായാണ് യുഎസ് കണക്കെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലക്ഷ്യമിട്ട കപ്പലുകൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചതാണെന്നതിനുള്ള തെളിവുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
















© Copyright 2025. All Rights Reserved