ജറുസലം . അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥിക്യാംപ് സന്ദർശനത്തിനിടെ, വിദേശ നയതന്ത്രപ്രതിനിധികളുടെ സംഘത്തിനുനേരെ ഇസ്രയേൽ സൈനികർ വെടിയുതിർത്ത സംഭവത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. ഫ്രാൻസും ഇറ്റലിയും ഇസ്രയേൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി .
നയതന്ത്രസംഘം അംഗീകൃതവഴിയിൽനിന്നു മാറി മറ്റൊരു മേഖലയിൽ പ്രവേശിച്ചപ്പോൾ അവരെ മടക്കിവിടാനാണ് മുന്നറിയിപ്പുവെടിയുതിർത്തതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. വെടിയൊച്ച കേട്ടതോടെ നയതന്ത്രപ്രതിനിധികൾ വാഹനങ്ങളിലേക്ക് ഓടുന്നതിൻ്റെ വിഡിയോ പുറത്തുവന്നു. പ്രകോപനമില്ലാത്ത വെടിവയ്‌പിനെ ഇസ്രയേലിന്റെ ഉറച്ചസഖ്യകക്ഷിയായ ജർമനിയും അപലപിച്ചു.
ജെനിൻ നഗരത്തിലെ പലസ്‌തീൻ അഭയാർഥിക്യാംപിലെ സ്‌ഥിതി നിരീക്ഷിക്കാനാണ് 20 രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെ സംഘം വെസ്‌റ്റ് ബാങ്ക് സന്ദർശിച്ചത്. ഇന്ത്യയുടെ പ്രതിനിധി സംഘത്തിലില്ലായിരുന്നു.
© Copyright 2024. All Rights Reserved