ആവശ്യാനുസരണം വ്യാജനോട്ടുകൾ അച്ചടിച്ച് പ്രാദേശിക വിപണികളിൽ ഉപയോഗിച്ച് സുഖജീവിതം നയിച്ചുവന്ന ചൈനീസ് ദമ്പതികൾ പിടിയിൽ. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനായി തങ്ങൾ താമസിക്കുന്നതിന് സമീപമുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ആയിരുന്നു ഇവർ വ്യാജ നോട്ടുകൾ ഉപയോഗിച്ചത്. ഇതിനോടകം ആയിരത്തിലധികം പേരെ ഇവർ കള്ളനോട്ടുകൾ നൽകി വഞ്ചിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
2023 -ലാണ് ഇവരുടെ തട്ടിപ്പ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ ഫുഷൗ നഗരത്തിലെ ചെറുകിട വ്യാപാരികളിൽ നിന്ന് തുടർച്ചയായി വ്യാജനോട്ടുകൾ തന്ന് കബളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, തട്ടിപ്പ് നടന്നത് ചെറുകിട വ്യാപാരികൾക്കിടയിലായത് പ്രതികളെ കണ്ടെത്തുന്നതിൽ പോലീസിനെ ബുദ്ധിമുട്ടിച്ചു. പ്രാദേശിക മാർക്കറ്റുകളിൽ നിരീക്ഷണ ക്യാമറകളുടെ അഭാവവും വ്യാപാരികളിൽ നിന്നും കൃത്യമായി വിവരങ്ങൾ ലഭിക്കാതെ വന്നതും ആയിരുന്നു തടസ്സമായത്. എന്നാൽ ഭാഗ്യവശാൽ മാർക്കറ്റിൽ ഉണ്ടായിരുന്ന ഒരു നിരീക്ഷണ ക്യാമറയിൽ തട്ടിപ്പു സംഘത്തിൻറെ മുഴുവൻ ചലനങ്ങളും പതിഞ്ഞിരുന്നു.
ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുകാരിൽ ഒരാൾ സ്ത്രീയാണെന്ന് പോലീസ് കണ്ടെത്തി. വളരെ വിദഗ്ധമായിട്ടായിരുന്നു ഇവർ കച്ചവടക്കാരെ കബളിപ്പിച്ചിരുന്നത്. എപ്പോഴും 100 യുവാനിൽ താഴെ വില വരുന്ന സാധനങ്ങൾ ആയിരുന്നു ഇവർ വാങ്ങിയിരുന്നത്.
സാധനങ്ങൾ വാങ്ങിക്കഴിഞ്ഞാൽ കച്ചവടക്കാരന് യഥാർത്ഥ 100 യുവാൻ നൽകും. കച്ചവടക്കാരൻ ആ നോട്ട് പരിശോധിച്ചുറപ്പാക്കി കഴിയുമ്പോൾ യുവതി തൻറെ കയ്യിൽ ചില്ലറ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആ നോട്ട് തിരികെ വാങ്ങും. എന്നാൽ, പിന്നീട് ചില്ലറകൾ എണ്ണിയശേഷം അത് തികയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ബാഗിൽ ഒളിപ്പിച്ചിരിക്കുന്ന വ്യാജനോട്ട് അതിവിദഗ്ധമായി എടുത്ത് കച്ചവടക്കാരൻ നൽകും. ആദ്യം നോട്ട് പരിശോധിച്ചു ഉറപ്പാക്കിയതിനാൽ കച്ചവടക്കാർ രണ്ട് നോട്ടും ഒന്നാണെന്ന് കരുതി വീണ്ടും പരിശോധിക്കാൻ മുതിരില്ല. ഇങ്ങനെയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയത് ദമ്പതികൾ ആണെന്ന് കണ്ടെത്തി. സൂ എന്ന സ്ത്രീയും അവരുടെ ഭർത്താവ് ഹിയുമായിരുന്നു തട്ടിപ്പിന് പിന്നിൽ. ആയിരത്തിലധികം പേരെ ഇവർ വഞ്ചിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ നോട്ടുകൾ അച്ചടിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെത്തി. പ്രിൻറർ, മഷി, പേപ്പർ കട്ടറുകൾ എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഇവർ അധികം വ്യാജ നോട്ടുകൾ കൈവശം വെച്ചിരുന്നില്ലെന്നും ഓരോ ദിവസത്തിനും ആവശ്യമായത് അന്നന്ന് അച്ചടിച്ചെടുക്കുകയായിരുന്നു ചെയ്തിരുന്നത് എന്നും പോലീസ് പറഞ്ഞു.
ചൈനയുടെ ക്രിമിനൽ നിയമം അനുസരിച്ച്, കള്ളപ്പണം നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളുകൾക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 മുതൽ 500,000 യുവാൻ വരെ (യുഎസ് ഡോളർ 7,000 മുതൽ 70,000 യുഎസ് ഡോളർ വരെ) പിഴയും ലഭിക്കും.
© Copyright 2024. All Rights Reserved