ധാക്ക • ബംഗ്ലദേശ് കറൻസി നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ പുറത്ത്.
രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്‌മാൻ. ഹസീനയുടെ പുറത്താക്കലിനു പിന്നാലെ കഴിഞ്ഞ വർഷമാണ് ബംഗ്ലദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
പുതുതായി രൂപകൽപന ചെയ്‌ത നോട്ടുകളിൽ മനുഷ്യരുടെ ചിത്രങ്ങൾ ഉണ്ടാകില്ലെന്ന് ബംഗ്ലദേശ് ബാങ്ക് വക്‌താവ് ആരിഫ് ഹൊറൈസൻ ഖാൻ പറഞ്ഞു. പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്‌ഥലങ്ങളും ആയിരിക്കും ഉൾപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരൻ സൈനുൽ ആബിദീന്റെ കലാസൃഷ്‌ടികളുമാണ് പുതുതായി രൂപകൽപന ചെയ്ത കറൻസികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1971ലെ വിമോചന യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിൻ്റെ ചിത്രവും പുതിയ കറൻസിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved