
ആരാധകർക്കും അനുയായികൾക്കും ഷെയ്ഖ് ഹസീന ആധുനിക ബംഗ്ലദേശിന്റെ ശിൽപിയാണ്. എന്നാൽ വിമർശകർക്കാകട്ടെ, അധികാരോൻമത്തയായ സേച്ഛാധിപതിയും. ഈ ഉരുക്കുവനിതയുടെ ചിറകിലേറിയാണ് ബംഗ്ലദേശ് ദാരിദ്ര്യത്തിൽനിന്നു വികസനത്തിലേക്കു കുതിച്ചത്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രിയുടെ മുന്നിൽ ഇപ്പോൾ ചോദ്യചിഹ്നപോലെ തൂക്കുകയർ തൂങ്ങുന്നു.
1947 സെപ്റ്റംബർ 28ന് കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു ഹസീനയുടെ ജനനം ബംഗ്ലദേശിനെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഷെയ്ഖ് മുജിബുർ റഹ്‌മാൻ്റെ മകൾ ധാക്ക സർവകലാശാലയിൽ നിന്ന് ബംഗാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആണവ ശാസ്ത്രജ്ഞനായ എം.എ.വാജെദ് മിയയെ ഹസീന വിവാഹം കഴിച്ചു. സജീബ്, സൈമ എന്നിവരാണു മക്കൾ. 1975 ഓഗസ്റ്റിലെ സൈനിക അട്ടിമറി ഹസീനയുടെ ജീവിതം മാറ്റിമറിച്ചു. പിതാവും മാതാവും 3 സഹോദരന്മാരും മറ്റ് ഒട്ടേറെ കുടുംബാംഗങ്ങളും അതിൽ കൊല്ലപ്പെട്ടു.
ഹസീനയും ഇളയ സഹോദരി റെഹാനയും വിദേശത്തായിരുന്നതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. അന്നും ഇന്ത്യയാണ് ഹസീനയ്ക്ക് അഭയമേകിയത്. 6 വർഷത്തിനു ശേഷം 1981 മേയിൽ ഹസീന ബംഗ്ലദേശിലേക്കു മടങ്ങി. അവാമി ലീഗിനെ നയിക്കാൻ ഹസീന തിരിച്ചെത്തിയപ്പോൾ, രാഷ്ട്രീയ എതിരാളി കാത്തിരിപ്പുണ്ടായിരുന്നു: കൊല്ലപ്പെട്ട പ്രസിഡന്റ് സിയാവൂർ റഹ്‌മാന്റെ വിധവ ഖാലിദ സിയ. 'പോരാടുന്ന ബീഗങ്ങൾ" എന്നാണ് ഇരുവരും അറിയപ്പെട്ടത്. അതിനു ശേഷമുള്ള ബംഗ്ലദേശ് ചരിത്രം ഇരുവരും തമ്മിലുള്ള രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടേതായിരുന്നു. 1996ൽ വാശിയേറിയ തിരഞ്ഞെടുപ്പിൽ സിയയെ പരാജയപ്പെടുത്തി ഹസീന ആദ്യമായി പ്രധാനമന്ത്രിയായി.
2001ൽ അധികാരം നഷ്ടമായെങ്കിലും 2008ൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തി. 'ഹസീന വാഴ്‌ച'യുടെ തുടക്കമായിരുന്നു അത്. 2008, 2014, 2018 തിരഞ്ഞെടുപ്പുകളിൽ ഹസീനയുടെ അവാമി ലീഗ് വിജയക്കൊടി പാറിച്ചു. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലദേശിന് അതിവേഗത്തിൽ സാമ്പത്തിക വളർച്ചയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. ദാരിദ്ര്യത്തിൻ്റെ പിടി അയഞ്ഞു തുടങ്ങി. നേട്ടങ്ങൾക്കൊപ്പം ആരോപണങ്ങളും ഉയർന്നു. വിയോജിപ്പുകളെ അടിച്ചമർത്തുന്നു. മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുന്നു, പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുന്നു എന്നിങ്ങനെ ആരോപണങ്ങൾ പലതുണ്ടായി വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടമായ ഹസീനയ്ക്ക് ഒരിക്കൽക്കൂടി ഇന്ത്യ അഭയമേകി. ഹസീനയ്ക്ക് ഇപ്പോൾ ബംഗ്ലദേശ് ഒരു ചോദ്യചിഹ്‌നമായി തോന്നുന്നുണ്ടാകും, കുതറുന്തോറും മുറുകുന്ന തൂക്കുകയർ പോലെ.
















© Copyright 2025. All Rights Reserved