ധാക്ക: 2024 ഓഗസ്റ്റിൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിരോധിത പാകിസ്ഥാൻ ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) നേതാക്കൾ പ്രധാന പങ്കുവഹിച്ചതായി റിപ്പോർട്ടുകൾ. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകര സംഘടനയാണ് ജമാഅത്ത് ഉദ്‌വ. സംഘടനയുടെ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുസമ്മില്‍ ഹാഷ്മിയുടെ പരമാർശമാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ വർഷം ഞങ്ങൾ നിങ്ങളെ ബംഗ്ലാദേശിൽ പരാജയപ്പെടുത്തിയെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് സംഘടനയുടെ നേതാവായ മുസമ്മിൽ ഹാഷ്മി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 1971ന് പ്രതികാരം ചെയ്തെന്ന് മറ്റൊരു ജെയുഡി ഭീകരനായ സൈഫുള്ള കസൂരി അടുത്തിടെ പറഞ്ഞു. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ബംഗാൾ ഉൾക്കടലിൽ മുക്കിക്കൊല്ലുമെന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞു. മെയ് 10 ന് നമ്മൾ അതിന് പ്രതികാരം ചെയ്തുവെന്ന് കസൂരി പറഞ്ഞു.
ഏപ്രിൽ 22 ന് 26 നിരപരാധികളായ സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ ജമാഅത്ത് ഉദ്‌വ ഏകോപന സമിതിയിലെ അംഗമായ കസൂരിയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത തലമുറയെ ജിഹാദിനായി ഞങ്ങൾ ഒരുക്കുകയാണെന്നും മരിക്കാൻ ഞങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ 32-ാം സ്ഥാനത്തുള്ള ഭീകരനാണ് കസൂരി. അടുത്തിടെ പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് അഹമ്മദ് ഖാനും ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദുമായി വേദി പങ്കിട്ടിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്താൻ ലഷ്‌കർ-ഇ-തൊയ്ബ പ്രോക്സി സംഘടനായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി കസൂരി സഹകരിച്ചതായി ആരോപിക്കപ്പെടുന്നു. പഹൽഗാം സംഭവത്തിന് ഇന്ത്യൻ മാധ്യമങ്ങൾ തന്നെയും പാകിസ്ഥാനെയും തെറ്റായി കുറ്റപ്പെടുത്തിയെന്ന് കസൂരി നേരത്തെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെട്ടതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാർ ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
© Copyright 2024. All Rights Reserved