'സഞ്ജുവിന് വേണ്ടി ജഡേജയെ വിട്ടുകൊടുക്കരുത്'; ചെന്നൈക്ക് മുന്നറിയിപ്പുമായി മുന്‍ താരം

10/11/25

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരം പ്രിയങ്ക് പാഞ്ചല്‍. ട്രേഡിന്റെ കാര്യത്തില്‍ ഏകദേശ ധാരണ ആയതായി വാര്‍ത്തകള്‍ വരുന്നു. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ബാക്കിയുള്ളത്. ട്രേഡ് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഫ്രാഞ്ചൈസികളോ താരങ്ങളോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. നവംബര്‍ 15നാണ് നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന സമയം.

ഇതിനിടെയാണ് ജഡേജയെ വിട്ടുകൊടുക്കരുതെന്ന മുന്നറിയിപ്പുമായി പാഞ്ചല്‍ രംഗത്ത് വന്നത്. പാഞ്ചല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ... ''സഞ്ജുവിനു വേണ്ടി ജഡേജയെ വിട്ടുകൊടുക്കുന്നത് ചെന്നൈ ചെയ്യുന്ന വലിയ പിഴവാണ്. ടീമിന്റെ മുഖമായ താരത്തെ പോകാന്‍ അനുവദിക്കരുത്. ഒരുപാട് കിരീടങ്ങള്‍ വിജയിച്ച, ഇതിഹാസങ്ങള്‍ക്കൊപ്പം എപ്പോഴും ഉറച്ചുനില്‍ക്കുന്ന ക്ലബ്ബാണ് ചെന്നൈ. വളരെക്കാലം അക്ഷീണം പ്രയത്‌നിച്ച താരങ്ങളെ വിട്ടുകൊടുക്കുന്നത് ശരിയല്ല.'' പാഞ്ചല്‍ കുറിച്ചിട്ടു.

സഞ്ജു സാംസണിനും രവീന്ദ്ര ജഡേജയ്ക്കും ഒരു സീസണില്‍ 18 കോടി രൂപയാണ് അതത് ഫ്രാഞ്ചൈസികള്‍ നല്‍കുന്നത്. ട്രേഡ് സംബന്ധിച്ച് ഇരു ടീമുകളും താരങ്ങളും തമ്മില്‍ ധാരണയായതായി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട്് ചെയ്തു. സഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയ്‌ക്കൊപ്പം സാം കറനേയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ടുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തി് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കരാര്‍ നടന്നാല്‍, 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കും. 2008, 2009 ഉദ്ഘാടന സീസണുകളില്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ജഡേജ.

തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്.

2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu